റാഞ്ചി: റാഞ്ചിയില്‍ കേളത്തിന്റെ ചുണക്കുട്ടികള്‍ അഞ്ച് സ്വര്‍ണ്ണവുമായി ജൈത്രയാത്ര തുടരുന്നു. അണ്ടര്‍16 പെണ്‍കുട്ടികളുടെ ഹര്‍ഡില്‍സില്‍ അപര്‍ണ റോയിയാണ് കേരളത്തിന്റെ അഞ്ചാാം സ്വര്‍ണം നേടിയത്. രണ്ടാം ദിനം അണ്ടര്‍14 ട്രയാത്തലണില്‍ പി എസ് പ്രഭാവതിയും അണ്ടര്‍18 നടത്തത്തില്‍ മേരി മര്‍ഗരറ്റും സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ഹര്‍ഡിസില്‍ രണ്ട് വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ മറ്റ് മൂന്ന് മെഡല്‍ കൂടി കേരളം ഇന്ന് നേടിയിട്ടുണ്ട്. അണ്ടര്‍20 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡെയ്ബി സെബാസ്റ്റിയനും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മെയ്‌മോന്‍ പൗലോസും വെള്ളിയണിഞ്ഞു. മെയ്‌മോന് പിന്നില്‍ ഫിനിഷ് ചെയ്ത കേരളത്തിന്റെ തന്നെ പ്രവീണ്‍ ജെയിംസിനാണ് വെങ്കലം.
പെണ്‍കുട്ടികളുടെ അണ്ടര്‍14 വിഭാഗത്തിലാണ് പി എസ് പ്രഭാവതി സ്വര്‍ണം കണ്ടെത്തിയിരിക്കുന്നത്. പാല അല്‍ഫോന്‍സ കോളേജിലെ വിദ്യാര്‍ത്ഥിയാണ് പ്രഭാവതി. മലപ്പുറം കടക്കാശ്ശേരി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മേരി മാര്‍ഗരറ്റ് അണ്ടര്‍18 വിഭാഗത്തിലാണ് മത്സരിച്ചത്. ഓഗസ്റ്റില്‍ ഹൈദരാബാദില്‍ നടന്ന ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക് മീറ്റിലും കഴിഞ്ഞ വര്‍ഷത്തെ ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിലും 10,000 മീറ്ററില്‍ മേരി മാര്‍ഗരറ്റ് വെങ്കലം നേടിയിരുന്നു.
31ാം ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനമായ ഇന്നലെ കേരളം രണ്ട് സ്വര്‍ണം ഉള്‍പ്പെടെ അഞ്ച് മെഡലുകള്‍ നേടിയിരുന്നു. പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ -അണ്ടര്‍16 ലിസ്‌ബെത്ത് തോമസ് കരോലിനും ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ -അണ്ടര്‍18 ജിയോ ജോസുമാണ് സ്വര്‍ണം നേടിയത്.
സ്വര്‍ണം നേടിയ ഇരുവിഭാഗത്തിലും വെള്ളിയും കേരളത്തിന് തന്നെയാണ്. പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ലിസ്‌ബെത്തിന് പിന്നിലായി ദേശീയ റെക്കോഡിന് ഉടമായായ കേരള താരം ഗായത്രി വെള്ളി നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മനു ഫ്രാന്‍സിസിനാണ് വെള്ളി. ലോങ്ജമ്പില്‍ വെങ്കലം നേടി ഇരട്ട മെഡല്‍ നേട്ടത്തിലെത്തിയ ലിസ്‌ബെത്ത് ആദ്യദിനം കേരളത്തിന്റെ ആദ്യ ദിനത്തെ മെഡല്‍ പട്ടിക അഞ്ചിലെത്തിച്ചു. മികച്ച ഫോമില്‍ മുന്നേറ്റം നടത്തുന്ന കേരളം കൂടുതല്‍ മെഡല്‍വേട്ടയ്ക്കുള്ള തീവ്രശ്രമത്തിലാണ്.