പി.കെ രാഗേഷിന്റെ പിതാവിന്റെ സ്മൃതിമണ്ഡപത്തില്‍ ചുവന്ന പെയിന്റടിച്ചു

 

കണ്ണൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി വിജയിച്ച പി.കെ രാഗേഷിന്റെ പിതാവിന്റെ സ്മൃതി മണ്ഡപത്തില്‍ ചുവന്ന പെയിന്റടിച്ചു. പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവൃത്തിച്ച പുതിയാറമ്പത്ത് ഗോവിന്ദന്റെ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിനാണ് ചുവന്ന പെയിന്റടിച്ചിട്ടുള്ളത്. സ്മൃതി മണ്ഡപത്തിന്റെ തറയുടെ ഭാഗത്താണ് ചുവന്ന പെയിന്റടിച്ചിരിക്കുന്നത്. ഇന്നു രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വെള്ളനിറത്തില്‍ ത്രിവര്‍ണ പതാകയായിരുന്നു മണ്ഡപത്തിന്റെ തറയില്‍ അടിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് പി.കെ രാഗേഷ് കണ്ണൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.

ഇന്നലെ നടന്ന കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായിരുന്നു പി.കെ രാഗേഷ് വോട്ട് ചെയ്തത്. ഇതുവഴി കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് നേടിയിരുന്നു. ഇതിന്റെ വൈരാഗ്യമാവാം സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. കഴിഞ്ഞ 10ന് പയ്യാമ്പലത്ത് ഗോവിന്ദന്റെ ചരമവാര്‍ഷികാചരണത്തില്‍ കെ സുധാകരന്‍ അടക്കമുള്ള ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിരുന്നു.

© 2025 Live Kerala News. All Rights Reserved.