ആന്റണിയുടേത് കള്ളന് ചൂട്ടുപിടിക്കുന്ന പണി: പിണറായി

 

എ.കെ ആന്റണിയുടേത് കള്ളന് ചൂട്ടു പിടിക്കുന്ന പണിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കെ.എം മാണിയുടെ രാജി വ്യക്തിപരമാണെന്ന് എ.കെ ആന്‍ണി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു പിണറായി. കൊച്ചിയില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയെങ്ങനെയാണ് വ്യക്തിപരമാവുന്നതെന്നും അദ്ദേഹം ചോദിച്ചു. അഴിമതി ഭരണത്തിനും മാണിക്കുമെതിരെ ശക്തമായ പ്രക്ഷോഭം ഇടതുപക്ഷം സംഘടിപ്പിക്കുമെന്നും പിണറായി വ്യക്തമാക്കി.

മതമൗലികവാദത്തിന്റെആപത്ത് ശരിയായ രീതിയില്‍ തുറന്ന് കാണിക്കുന്നത് ഇടതുപക്ഷമാണ്. അതുകൊണ്ട്തന്നെ ഇടതുപക്ഷം ശക്തിപ്പെടേണ്ടത് ആവശ്യമാണ്. സാംസ്‌കാരിക നായകര്‍ക്കെതിരെയുള്ള പ്രതിഷേധം ആര്‍എസ്എസിന്റെ അസഹിഷ്ണുതയില്‍ നിന്ന് ഉണ്ടാവുന്നതാണ്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളേക്കാളും മതനിരപേക്ഷത ശക്തമായി നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അത് കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.