നടപടിക്ക് വിധേയരായവരെ പരിപാടികളില്‍ പങ്കെടുപ്പിക്കരുത്: വിഎം സുധീരന്‍

അച്ചടക്കനടപടിക്ക് വിധേയരായവരെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ്സിന്റെ എല്ലാ കമ്മിറ്റികള്‍ക്കും സുധീരന്‍ നിര്‍ദ്ദേശം നല്‍കി.

റിബലായി മത്സരിക്കുന്നവര്‍ പാര്‍ട്ടിയുടേയോ മുന്നണിയുടേയോ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ അതത് കമ്മിറ്റികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും സുധീരന്‍ പറഞ്ഞു.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ റിബലുകള്‍ ശക്തമായ ഭീഷണിയാണ് യുഡിഎഫിനും കോണ്‍ഗ്രസ്സിനും സൃഷ്ടിച്ചിരിക്കുന്നത്. വിമതര്‍ക്ക് പിന്‍മാറാന്‍ പാര്‍ട്ടി നേതൃത്വം സാവകാശം നല്‍കിയിരുന്നെങ്കിലും അതിന് തയ്യാറാവാതെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മിക്കവരും. ഇതെതുടര്‍ന്നാണ് സുധീരന്റെ പുതിയ നീക്കം.

© 2025 Live Kerala News. All Rights Reserved.