കാര്‍ട്ടൂണിസ്റ്റ് ജോയ് കുളനട അന്തരിച്ചു

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജോയ് കുളനട അന്തരിച്ചു. 65 വയസ്സായിരുന്നു. അര്‍ബുദരോഗബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ്‌ചെയര്‍മാനായിരുന്ന അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം വീക്ഷണം ദിനപത്രത്തില്‍ സബ്എഡിറ്ററായാണ് മാധ്യമപ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് അദ്ദേഹം കനറാബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് പല വിദേശ ബാങ്കുകളിലും പ്രവര്‍ത്തിച്ചു.

1969ല്‍ മലയാളനാട് വീക്കിലിയിലാണ് ജോയ് കുളനടയുടെ ആദ്യ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ 38 വര്‍ഷക്കാലമായി കാര്‍ട്ടൂണ്‍ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു ജോയ് കുളനട. രമണിയാണ് ഭാര്യ. നിധീഷ്, നീതു എന്നിവര്‍ മക്കളും സഞ്ജു, ആല്‍ബിന്‍ എന്നിവര്‍ മരുമക്കളുമാണ്.

© 2025 Live Kerala News. All Rights Reserved.