ഉത്തരം മുട്ടുമ്പോള്‍ വെള്ളാപ്പള്ളി കൊഞ്ഞനം കുത്തുന്നുവെന്ന് വിഎസ് … ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: തന്റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ വെള്ളാപ്പള്ളി ഇതുവരെ തയാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ വിഎസിന്റെ കടുത്ത പരാമർശം.

എസ്എൻ ട്രസ്റ്റിന്റെയും എസ്എൻഡിപിയുടെയും കീഴിലുള്ള കോളജുകളിലും സ്കൂളുകളിലും നടത്തിയ നിയമനങ്ങൾക്കും പ്രവേശനങ്ങൾക്കും ഒന്നുകിൽ പണം വാങ്ങിയെന്നു പറയണം. അല്ലെങ്കിൽ വാങ്ങിയിട്ടില്ല എന്നു പറയണം. എന്തു കൊണ്ടാണ് വെള്ളാപ്പള്ളി മൗനം പാലിക്കുന്നത്. ഏതു ധർമം അനുസരിച്ചാണ് ജനങ്ങളെ കൊള്ളയടിച്ച് പണം ഉണ്ടാക്കുന്നതെന്നും വിഎസ് ലേഖനത്തിൽ ചോദിക്കുന്നു. ഉത്തരം മുട്ടുമ്പോൾ വെള്ളാപ്പള്ളി കൊഞ്ഞനം കുത്തുകയാണെന്നും വി.എസ്. ലേഖനത്തിൽ പറയുന്നു.

അതേസമയം, വെള്ളാപ്പള്ളി നടേശൻ നികൃഷ്ടജീവിയാണെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. എസ്എൻഡിപി യോഗത്തെ വെള്ളാപ്പള്ളി കശാപ്പുകാർക്ക് വിൽക്കുകയാണ്. ഗുരു കൊളുത്തിയ ദീപം ഊതിക്കെടുത്താനും സമുദായത്തെ ഇരുട്ടിലേക്ക് നയിക്കാനുമാണ് സമുദായത്തെ ഇപ്പോൾ നയിക്കുന്ന നികൃഷ്ട ജീവികൾ ശ്രമിക്കുന്നത്. ചെമ്പഴന്തിയിൽ ജനിച്ച് കണിച്ചു കുളങ്ങരയിൽ ഒടുങ്ങേണ്ടതല്ല ശ്രീനാരായണ പ്രസ്ഥാനം. മഹത്തായ പ്രസ്ഥാനത്തെ കശാപ്പുകാർക്ക് വിലപേശി വിൽക്കുകയാണ് ഗുരുവിന്റെ പിൻഗാമികളെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഡിസംബറിൽ വെള്ളാപ്പള്ളി രൂപീകരിക്കാൻ പോകുന്ന രാഷ്ട്രീയപാർട്ടി കുതിരയ്ക്കും കഴുതയ്ക്കും ജനിക്കുന്ന കോവർ കഴുതയായിരിക്കുമെന്നും പറഞ്ഞാണ് ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.