ഇന്ത്യ സൂക്ഷിക്കുക; ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ഹസിയുണ്ട്

ഇന്ത്യയ്ക്കെതിരെ ദീര്‍ഘമായ പരമ്പരയ്‌ക്കായി ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോള്‍, അവരുടെ കുന്തമുന ഒരു ഓസ്‌ട്രേലിയക്കാരനാണ്. ഇന്നു ധര്‍മ്മശാലയില്‍ ആദ്യ ടി20യ്‌ക്കായി ഇറങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ നിരയിലെ ശ്രദ്ധേയമായ വ്യക്തിത്വം മൈക്കല്‍ ഹസിയെന്ന മിസ്റ്റര്‍ ക്രിക്കറ്റാണ്. ഹസിയുടെ സാന്നിദ്ധ്യം കരുത്താകുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കന്‍ നിര. അടുത്ത ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഹസിയെ ടീമിന്റെ ബാറ്റിംഗ് പരിശീലകനാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഹസിയുടെ ഐപിഎല്‍ പരിചയസമ്പത്ത് തുണയാകുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കന്‍ നിരയിലെ പത്തോളം താരങ്ങള്‍ ഐപിഎല്ലില്‍ കളിച്ചു പരിചയമുള്ളവരാണെന്നും, അത് ഏറെ നിര്‍ണായകമാണെന്നും ഹസി പറഞ്ഞു. അടുത്ത മാര്‍ച്ച്-ഏപ്രിലില്‍ നടക്കുന്ന ടി20 ലോകകപ്പാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. അതിലേക്കുള്ള ചുവടുവെയ്‌പ്പായാണ് ഇന്ത്യയ്ക്കെതിരായ പരമ്പരയെ കാണുന്നതെന്നും ഹസി പറഞ്ഞു. ധോണിയും കൊഹ്‌ലിയുമാണ് ഇന്ത്യന്‍ നിരയില്‍ അപകടകാരികളെന്ന് ഹസി പറഞ്ഞു. യുവതാരങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. അശ്വിന്‍, ഹര്‍ഭജന്‍ സിങ് തുടങ്ങിയ സ്‌പിന്നര്‍മാരെ നേരിടാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്‌മാന്‍മാര്‍ സജ്ജമാണെന്നും ഹസി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.