രാഷ്ട്രീയ നേതാക്കളെ പണം സമ്പാദിക്കുന്നത് നിർത്തൂ, ജനങ്ങളെ സേവിക്കൂ: മുലായം സിങ് യാദവ്

ലളിത്പൂര്‍: പണം സമ്പാദിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കാള്‍ ജനങ്ങളെ സേവിക്കാനാണ് തന്റെ പാര്‍ട്ടി നേതാക്കള്‍ ശ്രദ്ധ വയ്‌ക്കേണ്ടതെന്ന് സമാജ്!വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പാവപ്പെട്ടവരുടെ പാര്‍ട്ടിയാണ് നമ്മുടേത്. പണം സമ്പാദിക്കാന്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടേതല്ല. സമാജ്!വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണ് ഞാന്‍. അഴിമതിക്കാരുടേതായ പാര്‍ട്ടിയല്ല സമാജ്!വാദി. നമ്മുടെ ഈ ആദര്‍ശം രാജ്യത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ കാണിച്ചുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ സേവിക്കുന്നതിനെക്കാള്‍ ബിസിനസ് ചെയ്യാനാണ് രാഷ്ട്രീയത്തിലുള്ളവര്‍ ശ്രമിക്കുന്നത്. എങ്ങനെ പണം സമ്പാദിക്കാമെന്നാണ് അവര്‍ ചിന്തിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് അനധികൃത ഖനനങ്ങള്‍ നിരവധി നടക്കുന്നുണ്ട്. എന്റെ കുടുംബത്തിലെ ആരെങ്കിലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം ജനങ്ങള്‍ എന്നോട് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ചെയ്ത അത്രയും വികസന പ്രവര്‍ത്തനങ്ങള്‍ മറ്റൊരു സര്‍ക്കാരും ചെയ്തിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്ത പ്രഖ്യാപനങ്ങള്‍ എല്ലാം തന്നെ സര്‍ക്കാര്‍ നടപ്പിലാക്കി. അടുത്തിടെ നടന്ന ഒരു സര്‍വേ പ്രകാരം വികസനത്തിന്റെ കാര്യത്തില്‍ ഉത്തര്‍പ്രദേശ് മൂന്നാം സ്ഥാനത്താണ്. ഇങ്ങനെ പോവുകയാണെങ്കില്‍ അധികം വൈകാതെ നമ്പര്‍ വണ്‍ സ്ഥാനത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.