ആലപ്പുഴ: ഈഴവ സമുദായത്തെയും സമുദായ നേതൃത്വത്തെയും സിപിഎം തുടര്‍ച്ചയായി വേട്ടയാടുന്ന സാഹചര്യത്തില്‍ എസ്എന്‍ഡിപിയുടെ നിര്‍ണ്ണായക യോഗം ഇന്ന് ചേര്‍ത്തലയില്‍ നടക്കും. നൂറ്റിമുപ്പത്തിയെട്ട് താലൂക്ക് യൂണിയനുകളിലെയും ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. എസ്എന്‍ഡിപിയെ സമര സജ്ജമായ സംഘടനയാക്കുക മാത്രമല്ല, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ക്കും ഇന്നത്തെ യോഗം രൂപരേഖ തയ്യാറാക്കും. സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കായി സര്‍ക്കാരുകളുടെയും രാഷ്ട്രീയക്കാരുടെയും പിന്നാലെ നടക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുക എന്നതിനാണ് പ്രഥമ പരിഗണനയെന്ന് യോഗനേതൃത്വം അറിയിച്ചു. ഗുരുദേവന്‍ ആഹ്വാനം ചെയ്ത, സംഘടിച്ച് ശക്തരാകുക എന്ന ആപ്തവാക്യം കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ നടപ്പാക്കി സമുദായത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് ലക്ഷ്യം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും വാലായി മാറാതെ സമുദായത്തിന്റെയും ഭൂരിപക്ഷ മതവിഭാഗത്തിന്റെയും ഉന്നതിക്കായി സഹകരിക്കാന്‍ താത്പര്യമുള്ള ആരുമായും ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള കര്‍മ്മപദ്ധതിക്ക് ഇന്ന് രൂപം നല്‍കും. ഈഴവ സമുദായത്തെ അവഹേളിക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും സംഘടനയെയും അനുവദിക്കില്ല. ഇത്തരം നീക്കങ്ങളെ ശക്തമായി തന്നെ നേരിടും. യുഗപുരുഷനായ ശ്രീനാരായണഗുരുദേവനെ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎം നേതൃത്വം ഇതുവരെ മാപ്പു പറഞ്ഞിട്ടില്ല. ഇത് സമുദായത്തെ ഒന്നാകെ വേദനിപ്പിച്ച സംഭവമാണ്. ശിവഗിരി മഠത്തിലെ സന്യാസി സമൂഹം പോലും സിപിഎം നടപടിയില്‍ ശക്തമായി പ്രതികരിച്ച് രംഗത്തു വന്നിരുന്നു. ശിവഗിരി മഠത്തിലെത്തി അവിടുത്തെ സന്യാസിമാരോടെങ്കിലും ഗുരുനിന്ദ നടത്തിയ സംഭവത്തില്‍ സിപിഎം മാപ്പു പറയേണ്ടിയിരുന്നുവെന്ന അഭിപ്രായവും യോഗനേതൃത്വത്തിലെ പലര്‍ക്കുമുണ്ട്. എന്നാല്‍ ഓരോ ദിവസവും ഗുരുവിനെ അവഹേളിച്ച സംഭവത്തെ ന്യായീകരിച്ച് സിപിഎം നേതാക്കള്‍ പ്രതികരണം നടത്തി സമുദായത്തെ കുത്തി നോവിക്കുകയാണ്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി ഇതുവരെ സ്വീകരിച്ച എല്ലാ നിലപാടുകള്‍ക്കും ഇന്ന് യോഗം പിന്തുണ പ്രഖ്യാപിക്കും. സമുദായ നേതൃത്വത്തിനെതിരെ സിപിഎം നടത്തുന്ന എല്ലാ കുപ്രചരണങ്ങളെയും ശക്തമായി നേരിടും. സമുദായത്തെയും സമുദായ നേതൃത്വത്തെയും ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനുള്ള സിപിഎം തന്ത്രം പരാജയപ്പെടുത്തും. ഇതിനായി എല്ലാ സമുദായഭവനങ്ങളിലും എസ്എന്‍ഡിപി നിലപാട് വ്യക്തമാക്കുന്ന ലഘുലേഖകള്‍ എത്തിക്കും. ശാഖാ തലങ്ങളില്‍ വരെ ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കം സമുദായ താത്പര്യം അറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരെ അധികാര സ്ഥാപനങ്ങളിലെത്തിക്കുക എന്നതാകും ലക്ഷ്യം. സമുദായത്തില്‍ ജനിച്ചുവെന്ന ഒറ്റക്കാരണത്താല്‍ ഒരു നേതാവിനും ഇനി പിന്തുണയില്ല. സമുദായത്തെ വേട്ടയാടുന്ന സമുദായാംഗങ്ങളായ നേതാക്കളുടെ കപടത പൊളിച്ചുകാട്ടുന്ന പ്രചാരണങ്ങളും നടത്തും. തെരഞ്ഞെടുപ്പുകളില്‍ ആരെയെങ്കിലും ജയിപ്പിക്കുക മാത്രമല്ല, ആരേയും തോല്പിക്കാനും കഴിയുന്ന സംഘടിത ശക്തിയായി സമുദായത്തെ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് തുടക്കം കുറിക്കും.