തിരുവനന്തപുരം: മലബാറിലെ സിപിഎം നേതാക്കൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശവക്കല്ലറ തോണ്ടുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയന് ധാർഷ്ട്യമാണ്. സ്നേഹം കൊടുക്കാതെ വിരട്ടി കാര്യം നേടുന്നതാണ് പിണറായിയുടെ ശൈലി. കാര്യങ്ങൾ നേടിയെടുക്കാൻ താൻ എകെജി സെന്ററിൽ പോയിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ശ്രീനാരായണ ഗുരുവിനെയല്ല തന്നെയാണ് സിപിഎം ലക്ഷ്യം വയ്ക്കുന്നത്. പടനായകനെ തളർത്തി പടയെ ഛിന്നഭിന്നമാക്കാനാണ് ശ്രമം. 51 വെട്ടു വെട്ടിയതല്ലാതെ മനുഷ്യർക്കായി സിപിഎം ഇതുവരെ എന്തുചെയ്തുവെന്നും വെള്ളാപ്പള്ളി ചോദിച്ചു. വിരട്ടി ഇരുത്തിക്കളയാമെന്നു കരുതിയാൽ കാൾ മാർക്സ് വന്നാലും നടക്കില്ലെന്നും വെള്ളാപ്പള്ളി മുന്നറിയിപ്പു നൽകി.
നേരത്തെ, വെള്ളാപ്പള്ളി നടേശനെ സിപിഎം ഭയപ്പെടേണ്ട കാര്യമില്ലെന്നു പാർട്ടി റിപ്പോർട്ടിങ്ങിൽ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞിരുന്നു. വെള്ളാപ്പള്ളി നടേശന്റെ നിലപാടു തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നു ചില സഖാക്കൾക്കു ഭീതിയുണ്ട്. അത്തരം ഭീതിയുടെ ആവശ്യമില്ല. എസ്എൻഡിപിയുടെ രാഷ്ട്രീയ നിലപാടുകൾ തിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന ആശങ്കയും വേണ്ട.
വെള്ളാപ്പള്ളി നടേശന്റെ പിന്തുണ ലഭിച്ചിട്ടും സിപിഎം സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ട്. വെള്ളാപ്പള്ളി എതിർത്ത സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുമുണ്ട് – പിണറായി പറഞ്ഞു.