ടി പി 51 സിനിമ വടകരയില്‍ പ്രദര്‍ശിപ്പിക്കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം:ടി.പി. ചന്ദ്രശേഖരന്‍ വധം പ്രമേയമായ ടിപി 51 എന്ന സിനിമ വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വടകരയിലെ തിയറ്റര്‍ ഉടമകളെ സിപിഎം ഭീഷണിപ്പെടുത്തിയതായി സംവിധായകന്‍ മൊയ്തു താഴത്തിന്റെ പരാതിയുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി നിലകൊണ്ട സിപിഎമ്മിന്റെ ഈ നിലപാടിനോട് യോജിക്കാനാവില്ല. സിനിമ ഇറങ്ങാതിരിക്കാന്‍ സെന്‍സര്‍ ബോര്‍ഡംഗം വരെ ശ്രമിച്ചതായി പരാതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കെഎഫ്ഡിസിയുടെ നാലു തിയറ്റുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു!.

നാല്‍പത് തിയറ്ററുകളില്‍ സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് വടകരയിലെ തിയറ്റര്‍ ഉടമ പിന്‍വാങ്ങിയത്. കേരള ക്വയര്‍ തിയറ്റര്‍ ഉടമ ആദ്യം പ്രദര്‍ശനത്തിന് തയാറായെങ്കിലും അവസാന നിമിഷം പിന്‍വാങ്ങുകയായിരുന്നു. സിപിഎം ഭീഷണിയാണ് പ്രദര്‍ശനത്തിന് വിലക്കു വരാന്‍ കാരണമെന്ന് സംവിധായകന്‍ ആരോപിച്ചു.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതോടെ ചിത്രത്തിന്റെ പ്രദര്‍ശനം നീളുകയായിരുന്നു. ഒടുവില്‍ റിവൈസിങ് കമ്മിറ്റിയുടെ അനുമതിയോടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തില്‍ വൈക്കം വിജയലക്ഷ്മി പാടിയ ഗാനം ഇതിനോടകം ഹിറ്റാണ്.

© 2025 Live Kerala News. All Rights Reserved.