നരേന്ദ്ര മോദിയെ വിമര്‍ശിച്ച് സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മാധ്യമങ്ങളിലൂടെയുള്ള വെറും വാഗ്ദാനങ്ങള്‍ മാത്രമാണ് നടക്കുന്നത്. യാതൊരു വികസനവും നടക്കുന്നില്ല. നയങ്ങളേ ഇല്ല. തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞില്ല. മേക്ക് ഇന്‍ ഇന്ത്യ പാഴ്‌വാക്കായി. മോദി പറഞ്ഞ് നടന്നാല്‍ പോര പ്രവര്‍ത്തിക്കണം.

ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. അതിന് തുടക്കം കുറിച്ചുകൊണ്ട് സപ്തംബര്‍ 20 ന് ഡല്‍ഹിയില്‍ കര്‍ഷക റാലി സംഘടിപ്പിക്കാനും തീരുമാനിച്ചു.

പാര്‍ട്ടിയില്‍ രണ്ടു രീതിയിലുള്ള അംഗത്വസമ്പ്രദായം പുനഃസ്ഥാപിക്കാന്‍ പ്രവര്‍ത്തകസമിതി ശുപാര്‍ശചെയ്യും. പ്രാഥമിക അംഗത്വം, സജീവഅംഗത്വം എന്ന സമ്പ്രദായമായിരിക്കും പുനഃസ്ഥാപിക്കുക. അതേസമയം പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച തീരുമാനം യോഗത്തില്‍ ഉണ്ടാവില്ല. പാര്‍ട്ടിഭരണഘടനയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, അംഗത്വവിതരണം, ബിഹാര്‍ തിരഞ്ഞെടുപ്പ്, പൊതു രാഷ്ട്രീയസ്ഥിതി, കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട പ്രക്ഷോഭപരിപാടികള്‍ എന്നിവയും യോഗം ചര്‍ച്ചചെയ്യുകയാണ്. അംഗത്വം സംബന്ധിച്ച ഭേദഗതിക്ക് പ്രവര്‍ത്തക സമിതി ശുപാര്‍ശചെയ്യും.

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ സംഘടനാ തിരഞ്ഞെടുപ്പ് എ.ഐ.സി.സി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് അനിശ്ചിതമായി നീളുകയാണ്. സംഘടനാ തിരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടിഭരണഘടനയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. പ്രവര്‍ത്തകസമിതി ശുപാര്‍ശ ചെയ്താലും ഇത് എ.ഐ.സി.സി. സമ്മേളനം അംഗീകരിക്കണം. ഇതിനായി പ്രത്യേക എ.ഐ.സി.സി. സമ്മേളനം വിളിക്കാനും സമ്മേളനത്തില്‍ രാഹുല്‍ അധ്യക്ഷപദവി ഏറ്റെടുക്കുന്നതിനും ആലോചനയുണ്ടായിരുന്നു. എന്നാല്‍, രാഹുല്‍ മനസ്സുതുറക്കാത്ത സാഹചര്യത്തില്‍ ബെംഗളൂരുവില്‍ ചേരാനിരുന്ന സമ്മേളനത്തെക്കുറിച്ച് തീരുമാനം നീളുകയാണ്.

© 2025 Live Kerala News. All Rights Reserved.