വിപുലമായ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര: കണ്ണൂരില്‍ കനത്ത സുരക്ഷ

കണ്ണൂര്‍: സംസ്ഥാനത്ത് വിപുലമായ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ആഘോഷത്തിന്റെ ഭാഗമായി കണ്ണൂരില്‍ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയും സിപിഎമ്മിന്റെ ബാലസംഘത്തിന്റെ നേത്യത്വത്തിലുള്ള ഘോഷയാത്രകളും നടക്കും.അക്രമസംഭവങ്ങള്‍ ഉണ്ടായേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ആര്‍എസ്എസിന്റെ രാഷ്ട്രീയ ജാഥകളാണ് ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രകള്‍ എന്നാരോപിച്ചാണ് സിപിഎമ്മും ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലസംഘത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത്. മുന്നൂറോളം ശോഭായാത്രകളാണ് ബാലഗോകുലം ജില്ലയില്‍ സംഘടിപ്പിക്കുന്നത്. വിവിധ ലോക്കല്‍ കമ്മിറ്റികളുടെ കീഴില്‍ സിപിഎമ്മും ഘോഷയാത്രകള്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു.

ജില്ലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിലനില്‍ക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.ഇതിന്റെ ഭാഗമായി ജില്ലയിലെത്തിയ എഡിജിപി ശങ്കര്‍ റെഡ്ഡി സ്ഥിതിഗതികള്‍ വിലയിരുത്തി.തലശേരി, ഇരിട്ടി, കൂത്തുപറമ്പ് പാനൂര്‍ പ്രദേശങ്ങളടക്കം സംഘര്‍ഷസാധ്യയുള്ള പ്രദേശങ്ങളില്‍ എഡിജിപി സന്ദര്‍ശനം നടത്തി.ഈ പ്രദേശങ്ങളിലെ ഘോഷയാത്ര സംഘാടകരുമായി പൊലീസ് ധാരണയിലെത്തിയതായി എഡിജിപി അറിയിച്ചു

ഇരുകൂട്ടരും നടത്തുന്ന ഘോഷയാത്രകള്‍ ഒരുമിച്ച് ചേരാനുള്ള സാധ്യതകള്‍ പരമാവധി കുറക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.ഇതിനോട് സംഘാടകര്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

© 2025 Live Kerala News. All Rights Reserved.