പോള്‍ മുത്തൂറ്റ് വധക്കേസില്‍ വിധി നാളത്തേക്ക് മാറ്റി

തിരുവനന്തപുരം: മുത്തൂറ്റ് പോള്‍ എം.ജോര്‍ജ് വധക്കേസില്‍ കോടതി വിധി വിധി നാളത്തേക്ക് മാറ്റി. ഗുണ്ടാത്തലവന്‍ കാരി സതീഷ് അടക്കം പത്തൊമ്പത് പേരാണ് പ്രതികള്‍. മൂന്നു പ്രതികൾ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി വിധി നാളത്തേക്ക് മാറ്റി വെച്ചത്.ജയചന്ദ്രൻ, സുധീഷ്, ഹസൻ സന്തോഷ് എന്നിവരാണ് ഹാജരാകാതിരുന്നത്. ഒന്നാം പ്രതി ജയചന്ദ്രൻ ഗതാഗതക്കുരുക്കിൽപ്പെട്ടതിനാലാണ് ഹാജരാകത്തതെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇനി ഒഴിവുകൾ പറയരുതെന്ന് കോടതി അന്ത്യശാസനം നൽകി.

മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴയ്ക്കുപോകും വഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്.2009 ആഗസ്ത് 22നാണ് പോള്‍ എം.ജോര്‍ജ് കുത്തേറ്റ് മരിച്ചത്. കേരള പോലീസ് ആദ്യം തയ്യാറാക്കിയ കുറ്റപത്രത്തില്‍ 25 പേരെ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ 2010 ജനവരി 29ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണം എറ്റെടുത്ത ശേഷം 14 പേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.

വിശദാന്വേഷണത്തിനിടെ അഞ്ചുപേരും കൂടി പ്രതികളായി.പോലീസ് പ്രതിയാക്കിയ ചിലര്‍ ഉള്‍പ്പെടെ 15 പേരെ സി.ബി.ഐ മാപ്പുസാക്ഷികളാക്കി. 241 പേര്‍ അടങ്ങുന്ന സാക്ഷിപ്പട്ടികയും 155 രേഖകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി.

© 2025 Live Kerala News. All Rights Reserved.