കണ്ണീര് തോരാതെ ഫോര്‍ട്ട്‌കൊച്ചി…ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി

കൊച്ചി: ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി.രണ്ട് മൃതദേഹങ്ങള്‍ കൂടി കമാലക്കടവിന് സമീപത്ത് നിന്ന് കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ഫൗസിയയുടെയും ഫോര്‍ട്ട് കൊച്ചി സ്വദേശി ഷില്‍ട്ടന്റെയും മൃതദേഹങ്ങളാണ് ഇന്ന് കിട്ടിയത്. അപകടം നടന്നതിന് സമീപത്ത്  നിന്നാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10ആയി.

തെരച്ചില്‍ ഇന്നും തുടരുകയാണ്. ഇനി ആരെങ്കിലും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഇനിയും വ്യക്തമല്ല. അപകടമുണ്ടാക്കിയ വള്ളം ഓടിച്ചിരുന്ന കണ്ണമാലി സ്വദേശി ഷിജുവിന് പുറമെ വള്ളത്തിന്റെ സ്രാങ്ക് കണ്ണമാലി കുരിശിങ്കല്‍ ജോണിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടശേഷം ജോണി ഒളിവിലായിരുന്നു.

ഇന്നലെ ഇയാള്‍ വീട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ജോണിക്കെതിരെ  നരഹത്യക്ക് കേസെടുത്തു. വള്ളം നിയന്ത്രിക്കാന്‍ ചുമതലയുള്ള ഇയാള്‍ കൃത്യം മറ്റൊരാളെ ഏല്‍പ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. മെക്കാനിക്കായ ഷിജുവിന് ഇന്‍ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളം നിയന്ത്രിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. എന്നാല്‍ പരമ്പരാഗത വള്ളത്തില്‍ ഇന്‍ബോര്‍ഡ് ഘടിപ്പിക്കുകയാണ് ചെയ്തതെന്നും ഇത് നിയന്ത്രിക്കാന്‍ ലൈസന്‍സ് ആവശ്യമില്ലെന്നുമാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നത്.

© 2025 Live Kerala News. All Rights Reserved.