രാജ്യത്ത് 98 സ്മാര്‍ട്ട് സിറ്റികള്‍: കേരളത്തില്‍ നിന്ന് കൊച്ചി മാത്രം

ന്യൂഡല്‍ഹി: രാജ്യമൊട്ടുക്കുമായി സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങാനുള്ള പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് സിറ്റികളായി വികസിപ്പിക്കുന്ന 98 പട്ടണങ്ങളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. കേരളത്തില്‍ നിന്ന് കൊച്ചി മാത്രമാണ് പട്ടികയിലുള്ളത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌സിറ്റികള്‍ വികസിപ്പിക്കുക.13 എണ്ണം. തമിഴ്‌നാട്ടില്‍ 12 ഉം മഹാരാഷ്ട്രയില്‍ 10 ഉം സിറ്റികള്‍ സ്മാര്‍ട്ട് സിറ്റികളാകും. മധ്യപ്രദേശില്‍ ഏഴും ബിഹാര്‍ ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ മൂന്നു വീതവും സിറ്റികള്‍ ഉണ്ടാകും.

വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് പട്ടിക പ്രഖ്യാപിച്ചത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കേന്ദ്രബജറ്റില്‍ 7,000 കോടി രൂപ നീക്കിവെച്ചിരുന്നു. വായ്പ ലഭിക്കാനുള്ള സാധ്യത, വൈദ്യുതി വിതരണം, വെള്ളത്തിന്റെ ലഭ്യത, മുനിസിപ്പല്‍ തലത്തിലുള്ള ആസൂത്രണം, പങ്കാളിയെ കണ്ടെത്തല്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഇക്കാര്യത്തില്‍ രാഷ്ട്രീയപരിഗണന ഉണ്ടാവില്ലെന്നും യോഗ്യത മാത്രമാണ് അടിസ്ഥാനമാക്കുകയെന്നും നഗരവികസന മന്ത്രി വെങ്കയ്യ നായിഡു നേരത്തേ പ്രസ്താവിച്ചിരുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനുള്ള പദ്ധതിയായിട്ടാണ് സ്മാര്‍ട്ട് സിറ്റി വിഭാവനം ചെയ്തിട്ടുള്ളത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി അടുത്ത അഞ്ചുവര്‍ഷംകൊണ്ട് 48,000 കോടി രൂപയാണ് കേന്ദ്രം നിക്ഷേപിക്കുക.സ്മാര്‍ട്ട് സിറ്റിക്ക് തിരഞ്ഞെടുക്കുന്ന നഗരത്തിന് ഒരുവര്‍ഷം 100 കോടി രൂപ എന്ന കണക്കില്‍ അഞ്ചുകൊല്ലത്തില്‍ 500 കോടി രൂപ നല്‍കും.

© 2025 Live Kerala News. All Rights Reserved.