തിരുവനന്തപുരം: ഈ ഓണത്തിന് പച്ചക്കറി ധൈര്യമായി വാങ്ങാം. കൈ പൊള്ളില്ല. വിഷപ്പേടിയും വേണ്ട. നാടൻ ജൈവ പച്ചക്കറിക്ക് നന്ദി. തമിഴ്നാട് ലോബിക്ക് വില കൂട്ടാൻ അവസരം കിട്ടാത്തത്ര നമ്മുടെ മണ്ണിൽ വിളവെടുക്കുകയാണ്. വിഷ പച്ചക്കറിക്കെതിരെ ശക്തമായ ബോധവത്കരണം നടന്നതും നാട്ടിലെ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ സി.പി.എം ഉൾപ്പെടെ മുന്നിട്ടിറങ്ങിയതുമാണ് പച്ചക്കറി വില പിടിച്ചുനിറുത്തിയത്.
മാരാരിക്കുളത്തെ ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കിയ ജൈവകൃഷി പദ്ധതിയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് സി.പി.എം നാടൻ കൃഷിയുടെ പ്രചാരകരായത്. പാർട്ടി കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിലായിരുന്നു കൃഷിക്കിറങ്ങിയത്. ജനകീയ വിഷയവുമായി പാർട്ടി എത്തിയപ്പോൾ ജനം ഏറ്റെടുത്തു. നാടെങ്ങും ജനകീയ കൃഷിയുടെ സമൃദ്ധിയായി. വിഷം തീണ്ടാത്ത പയർ, പടവലം, പാവയ്ക്ക, വെള്ളരി, മത്തൻ, കത്തിരി, ഏത്തക്കായ… ഒക്കെ കേരളക്കരയിൽ വീണ്ടും കായ്ച്ച് പരിലസിച്ചു.
സംസ്ഥാനത്ത് വിളയിച്ച പച്ചക്കറികളുമായി 1025 ഓണച്ചന്തകളാണ് കേരളമൊട്ടുക്ക് സിപി.എം ഓണത്തിന് സജ്ജമാക്കിയത്.
കഴിഞ്ഞ നവംബർ 28, 29, 30 തീയതികളിൽ എ.കെ.ജി പഠന ഗവേഷണ കേന്ദ്രം നടത്തിയ ‘കാർഷിക കേരളത്തിലെ ജനകീയ ഇടപെടൽ” എന്ന സെമിനാറിലാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. എല്ലാ ജില്ലകളിലും സംഘാടക സമിതികളും സാങ്കേതിക സമിതികളും രൂപീകരിച്ചു. കാർഷിക രംഗത്തെ വിദഗ്ദ്ധരുടെയും പരമ്പരാഗത കർഷകരുടെയും പിന്തുണ തേടി. പ്രോജക്ട് ക്ലിനിക്കുകൾ ആരംഭിച്ചു. സഹകരണ ബാങ്കുകളും പ്രാദേശിക സംഘങ്ങളും പിന്തുണ നൽകി. തരിശുകിടന്ന 1798 ഏക്കർ സി.പി.എം നേരിട്ട് ഏറ്റെടുത്ത് കൃഷി ചെയ്തു. ആലപ്പുഴ, കണ്ണൂർ, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ പദ്ധതി പൂർണമാണെന്ന് ഡോ. തോമസ് ഐസക് കേരളകൗമുദിയോടു പറഞ്ഞു.
കർഷകർക്ക് അധിക വില
കർഷകരിൽ നിന്ന് പച്ചക്കറി ശേഖരിക്കുന്നത് വിപണി വിലയെക്കാൾ 25 ശതമാനം അധികം നൽകിയാണ്. അതോടെ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കുന്നതിന് ഉത്സാഹവും കൂടി. കഴിഞ്ഞ വിഷുവിന് 289 ജൈവ പച്ചക്കറി സ്റ്റാളുകളാണ് ആരംഭിച്ചത്. ഓണം കഴിഞ്ഞാലും നൂറ്റമ്പത് സ്റ്റാളുകൾ നിലനിറുത്താനാണ് തീരുമാനം.
ജനശ്രീയും രംഗത്ത്
‘ജനശ്രീ”യുടെ കീഴിൽ പ്രവർത്തിക്കുന്ന ജൈവശ്രീ സംഘങ്ങളും ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. തിരുവനന്തപുരത്ത് നെടുമങ്ങാട്ടും വെങ്ങാനൂരും കേന്ദ്രമാക്കിയുള്ള ജൈവകൃഷി സംസ്ഥാനം ഒട്ടാകെ വ്യാപിപ്പിക്കുമെന്ന് ജനശ്രീ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ലൂക്ക പറഞ്ഞു.
തമിഴ്നാട്ടിൽ കെട്ടിക്കിടക്കുന്നു
ഇവിടെ പച്ചക്കറി കൃഷി വ്യാപകമായതോടെ തമിഴ്നാട്ടിൽ നിന്നുള്ള വരവ് കുത്തനെ കുറഞ്ഞു. തമിഴ്നാട്ടിൽ പച്ചക്കറിയുടെ വിലയും ഇടിഞ്ഞു. ഓണം വിപണി ലക്ഷ്യമാക്കി തമിഴ്നാട്ടിലെ കമ്പം, തേനി, മേട്ടുപാളയം, ഊട്ടി, പൊള്ളാച്ചി എന്നീ മാർക്കറ്റുകളിലെത്തിച്ച പച്ചക്കറി പകുതിയോളം അവിടെ കെട്ടിക്കിടക്കുകയാണ്.
Courtesy: Keralakoumudi