മുസ്ളിം വളർച്ച നിരക്ക് 24.6 ശതമാനവും ഹിന്ദുക്കളുടേത് 16.8 ശതമാനവും
ന്യൂഡൽഹി: മതത്തിന്റെ അടിസ്ഥാനത്തിലുള്ള 2011ലെ ജനസംഖ്യാ കണക്കെടുപ്പ് വിവരങ്ങൾ സെൻസസ് രജിസ്ട്രാർ പുറത്തുവിട്ടു. രാജ്യത്ത് 96 കോടി ഹിന്ദുക്കളും 17 കോടി മുസ്ലിങ്ങളും 2.78 കോടി ക്രിസ്ത്യാനികളുമാണുള്ളത്.
2001 മുതൽ 2011വരെയുള്ള കണക്കുകളിൽ മുസ്ളിം സമുദായം വളർച്ച നേടി. ഹിന്ദുക്കളുടെ വളർച്ച നിരക്ക് 16.8 ശതമാനത്തിൽ മാത്രം ഒതുങ്ങിയപ്പോൾ മുസ്ലിങ്ങളുടെ വളർച്ച നിരക്ക് 24.6 ശതമാനമാണ്. 2001ൽ 82.75 കോടി ഹിന്ദുക്കളും 13.81 കോടി മുസ്ലിങ്ങളുമാണ് രാജ്യത്തുണ്ടായിരുന്നത്.
ശതമാനത്തിലും ഹിന്ദുക്കൾക്ക് വൻ ഇടിവുണ്ടായി. 2001ലെ സെൻസസിൽ 80.45 ശതമാനം ഹിന്ദുക്കളായിരുന്നെങ്കിൽ ഇപ്പോഴത് 79.79 ശതമാനമായി ചുരുങ്ങി. ഇതാദ്യമായിട്ടാണ് ഹിന്ദുക്കൾ 80 ശതമാനത്തിന് താഴെ പോകുന്നത്. അതേസമയം, 2001ൽ 13.43 ശതമാനമായിരുന്ന മുസ്ലിങ്ങൾ 14.22 ശതമാനമായി ഉയർന്നു.
ഏറ്റവും കൂടുതൽ ഹിന്ദുക്കളും മുസ്ലിങ്ങളുമുള്ള സംസ്ഥാനം ഉത്തർപ്രദേശ് ആണ്. 15.93 കോടി ഹിന്ദുക്കളും 3.84 കോടി മുസ്ലിങ്ങളുമാണ് ഇവിടെയുള്ളത്. 8.97 കോടി പേരുമായി മഹാരാഷ്ട്രയും 8.60 കോടിയുമായി ബീഹാറും ഹിന്ദു ജനസംഖ്യയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ പിടിച്ചു. 2.46 കോടിയുമായി പശ്ചിമബംഗാളും 1.75 കോടി ജനങ്ങളുമായി ബീഹാറുമാണ് മുസ്ലിം ജനസംഖ്യയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. കേരളം ഉൾപ്പെടെ നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് 45 ശതമാനം ക്രിസ്താനികൾ ഉള്ളത്.
നാലു വർഷം മുൻപ് തയ്യാറാക്കിയ വിവരങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്. സാമൂഹ്യ സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് കഴിഞ്ഞമാസം മൂന്നിന് പുറത്തുവിട്ടിരുന്നു. ജാതി തിരിച്ചുള്ള സെൻസസ് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജാതികൾ തരംതിരിക്കാൻ സമിതിക്ക് രൂപം നൽകിയിരിക്കുകയാണ്.
മതങ്ങളുടെ വളർച്ച നിരക്ക് (ശതമാനക്കണക്കിൽ)
ഹിന്ദു: 16.8
മുസ്ലിം: 24.6
ക്രിസ്ത്യൻ: 15.5
സിക്ക് : 8.4
ബുദ്ധമതം: 61
ജെയിൻ: 5.4
രാജ്യത്തെ മതം ഇങ്ങനെ (ശതമാനം ബ്രാക്കറ്റിൽ)
ഹിന്ദു : 96.63 കോടി (79.8%)
മുസ്ലിം : 17.22 കോടി (14.2 %)
ക്രിസ്ത്യൻ: 2.78 കോടി (2.3%)
സിക്ക് : 2.08 കോടി (1.7%)
ബുദ്ധമതം: 84 ലക്ഷം (0.7%)
ജെയിൻ : 45 ലക്ഷം (0.4%)
മറ്റ് മതങ്ങൾ: 79 ലക്ഷം (0.7%)
മതം രേഖപ്പെടുത്താത്തവർ: 29 ലക്ഷം (0.2%)