അടൂര്‍: മണക്കാല ഐഎച്ച്ആര്‍ഡി കോളജില്‍ അതിരുവിട്ട ഓണാഘോഷം നടത്തിയതിന് വിദ്യാര്‍ഥികള്‍ക്കെതിെര പൊലീസ് കേസെടുത്തു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെയാണ് കേസെടുത്തത്. മാര്‍ഗ തടസമുണ്ടാക്കി, വാഹനങ്ങള്‍ക്ക് മുകളിലിരുന്ന് യാത്ര ചെയ്തു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അഗ്‌നിശമന സേനയുടെ ഫയര്‍ എന്‍ജിനും കെഎസ്ആര്‍ടിസി ബസും ക്രെയിനും ട്രാക്ടറുമൊക്കെ വാടകയ്‌ക്കെടുത്ത് അതിന്‍മേല്‍ കയറിനിന്നാണ് വിദ്യാര്‍ഥികള്‍ ഓണമാഘോഷിച്ചത്.
കറുത്ത ഉടുപ്പും ചുവന്ന മുണ്ടും ധരിച്ചാണ് വിദ്യാര്‍ഥികള്‍ എത്തിയത്. മണക്കാല വെള്ളക്കുളങ്ങര ജംക്ഷനു സമീപത്തുനിന്ന് കോളജിലേക്കായിരുന്നു അസാധാരണ ഘോഷയാത്ര. ഫയര്‍ എന്‍ജിന്‍, ക്രെയിന്‍, ട്രാക്ടര്‍ എന്നിവയുടെ മുകളിലും കെഎസ്ആര്‍ടിസി ബസിലും കയറി നടത്തിയ ഘോഷയാത്രയില്‍ പെണ്‍കുട്ടികളും മാവേലി വേഷക്കാരും ഉണ്ടായിരുന്നു. കോളജിന്റെ അടുത്തെത്തിയപ്പോള്‍ ഫയര്‍ എന്‍ജിനില്‍ നിന്ന് വെള്ളം ചീറ്റിച്ച് ആയിരുന്നു ആഘോഷം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അപകടയാത്ര തടയാന്‍ ഒന്നും ചെയ്തില്ല.
ഫയര്‍ എന്‍ജിന്‍ ദുരുപയോഗം ചെയ്തതിന് ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി അഗ്‌നിശമനസേന കോട്ടയം അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫിസറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് മഴനൃത്തം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ കൂടെ നിന്ന് വെള്ളവും പമ്പ് ചെയ്തുകൊടുത്തതായി കണ്ടെത്തിയിട്ടുണ്ട്.