തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സര്‍ക്കാര്‍; കോടതിയില്‍ സത്യവാങ്മൂലം നല്‍കും

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് ഒരുമാസത്തേക്കു നീട്ടിവയ്ക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കോടതിയില്‍ ഇതാവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കും. തിര!ഞ്ഞെടുപ്പ് നവംബറില്‍ നടത്തണം. ഡിസംബര്‍ ഒന്നിന് ഭരണ സമിതികള്‍ അധികാരമേല്‍ക്കണം. അതേസമയം, വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉച്ചകഴിഞ്ഞ് വാര്‍ത്താസമ്മേളനം നടത്തും.

സാധാരണ നവംബര്‍ ഒന്നിനാണ് തദ്ദേശ ഭരണസമിതികള്‍ നിലവില്‍ വരുന്നത്. തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സെപ്തംബര്‍ മൂന്നിന് വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ പുതിയ ആവശ്യവുമായി രംഗത്ത് വന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും തമ്മില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെങ്കിലും ധാരണയായിരുന്നില്ല. സെപ്തംബര്‍ മൂന്നിന് ഹൈക്കോടതിയില്‍ ഉണ്ടാകട്ടെ എന്ന സര്‍ക്കാര്‍ നിലപാട് കമ്മിഷന്‍ അംഗീകരിക്കുകയായിരുന്നു. പുതുതായി രൂപീകരിച്ച 28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും കോടതി അംഗീകരിച്ചതിനാല്‍ അവിടെ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇന്നലെയും സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ അത് പ്രായോഗികമല്ലെന്ന നിലപാടില്‍ കമ്മിഷന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

© 2025 Live Kerala News. All Rights Reserved.