തിരുവനന്തപുരം: അടൂർ ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് ഓണാഘോഷത്തിനിടെ ഫയർ എഞ്ചിനിൽ കയറിയ വിദ്യാർത്ഥികളുടെ പേരിൽ കേസെടുത്തു. വാഹനറാലി നടത്തി റോഡിൽ മാർഗതടസം ഉണ്ടാക്കി, വാഹനത്തിന് മുകളിൽ കയറിയിരുന്ന് യാത്ര ചെയ്തു തുടങ്ങീ കുറ്റങ്ങളാണ് വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഓണാഘോഷ കമ്മിറ്റിയുടെ കൺവീനറും പെൺകുട്ടികളടക്കം കണ്ടാലറിയാവുന്ന ഇരുന്നൂറ് പേർക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്.
ഓണാഘോഷത്തിന് ഫയർ എൻജിൻ വിട്ടുനൽകുകയും പൊതുവഴിയിൽ വെള്ളം ചീറ്റുകയും ചെയ്ത സംഭവത്തിൽ ആറ് അഗ്നിശമനസേനാ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. അടൂർ ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ ടി. ഗോപകുമാർ, ഫയർമാൻമാരായ ബി. യേശുദാസൻ, പി.ടി. ദിലീപ്, എസ്. സോമരാജൻ, എൻ. രാജേഷ്, കെ. ശ്യാംകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കോളേജിനടുത്ത് ഗതാഗത നിയന്ത്റണത്തിന് ചുമതലപ്പെടുത്തിയിരുന്ന ഹോംഗാർഡിനെയും സസ്‌പെൻഡ് ചെയ്തു.