തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാന ഭരണം കൂടുതല്‍ കാര്യക്ഷമവും ജനപ്രിയവുമാക്കാന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ ആഴ്ചയില്‍ നാലുദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്ന കെപിസിസി തീരുമാനത്തിന് പുല്ലുവില. ഒരു കോണ്‍ഗ്രസ് മന്ത്രിപോലും കെപിസിസി നിര്‍ദേശം പാലിക്കുന്നില്ല.
കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കിയ കത്ത് പരിഗണിച്ചുപോലുമില്ല. മേയ് ഒന്‍പതിന് ചേര്‍ന്ന നിര്‍വാഹകസമിതി യോഗത്തിലാണ് കെപിസിസി ഈ തീരുമാനം എടുത്തത്. അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമായി ജില്ലയ്ക്ക് പുറത്ത് പോയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ആരും ഇത് ഗൗനിച്ചില്ലെന്ന് നിയമസഭാ സമ്മേളനത്തിന് ശേഷമുള്ള മന്ത്രിമാരുടെ പരിപാടികള്‍ തെളിയിക്കുന്നു. ആഴ്ചയില്‍ രണ്ടുദിവസം തികച്ച് ഓഫിസിലെത്താത്ത മന്ത്രിമാരാണ് ഏറെയും. കഴിഞ്ഞയാഴ്ച ഒരുദിവസം പോലും ഓഫിസിലെത്താത്ത മന്ത്രിമാരും ഉണ്ട്. കര്‍ക്കിടക ചികില്‍സയ്ക്കായി രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും പോയത് ഒഴിവാക്കി നോക്കിയാല്‍ തന്നെ മന്ത്രിമാരുടെ ഹാജര്‍ കുറവാണ്.
ചിങ്ങം ആദ്യ ആഴ്ചത്തെ മാത്രം കാര്യം നോക്കാം: തിരുവനന്തപുരത്തുകാരനായ മന്ത്രി ശിവകുമാര്‍ മൂന്നു ദിവസമാണ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നത്. ഇതില്‍ ഓഫിസില്‍ എത്തിയത് രണ്ടു ദിവസം മാത്രം. മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ അമേരിക്കന്‍ യാത്രയിലായിരുന്നു. കെ.ബാബു മന്ത്രിസഭാ യോഗത്തിന് പോലും എത്തിയില്ല. വിഴിഞ്ഞം കരാര്‍ ഒപ്പിട്ട തിങ്കളാഴ്ചയും ബുധനാഴ്ചയും മാത്രമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓഫീസിലെത്തിയത്. 24 മണിക്കൂറും ജോലി ചെയ്യുന്ന അദ്ദേഹത്തെ മാറ്റി നിര്‍ത്താം. എന്നാല്‍ മറ്റു മന്ത്രിമാര്‍ കേവലം സ്വന്തം മണ്ഡലത്തിലെ ഉദ്ഘാടനങ്ങളില്‍ ഒതുങ്ങുകയാണ് ചെയ്തത്.
ചിങ്ങം ഒന്ന് തിങ്കളാഴ്ച മുതല്‍ ശനിയാഴ്ചവരെ കോണ്‍ഗ്രസ് മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടായിരുന്ന ദിവസങ്ങള്‍ ഇങ്ങിനെയാണ്: രമേശ് ചെന്നിത്തല 3, ആര്യാടന്‍ മുഹമ്മദ് 2, കെ.സി. ജോസഫ് 1, സി.എന്‍.ബാലകൃഷ്ണന്‍ 2, അടൂര്‍ പ്രകാശ് ഒന്നര ദിവസം, കെ.ബാബു അര ദിവസം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 0, വി.എസ്.ശിവകുമാര്‍ 3, എ.പി. അനില്‍കുമാര്‍ രണ്ടര ദിവസം, പി.കെ.ജയലക്ഷ്മി 1,
മന്ത്രിമാര്‍ പലരും പോയത് പൊതുപരിപാടിക്ക് തന്നെയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതര പരിപാടികളില്‍ പ്രധാനപ്പെട്ടതും പ്രസക്തവുമായത് മാത്രമേ ഏറ്റെടുക്കാവൂ എന്ന് സുധീരന്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. എല്ലാം കത്തില്‍ തന്നെ അവസാനിക്കുകയാണ്.