ഇന്ത്യാ – പാക്ക് ദേശീയ ഉപദേഷ്ടാക്കളുടെ ചര്‍ച്ച റദ്ദാക്കിയത് നിരാശാജനകമെന്ന് യുഎസ്

 

വാഷിങ്ടണ്‍: ഇന്ത്യപാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ (എന്‍എസ്എ) ചര്‍ച്ച റദ്ദാക്കിയ നടപടി നിരാശാജനകമെന്ന് യുഎസ്. ഈ ആഴ്ചയുടെ അവസാനം നടത്താനിരുന്ന ഇന്ത്യപാക്ക് ചര്‍ച്ച റദ്ദായത് നിരാശാജനകമാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ വേഗത്തില്‍ പുനഃരാരംഭിക്കാന്‍ എല്ലാ പ്രോത്സാഹനവും യുഎസ് നല്‍കുമെന്നും യുഎസ് വക്താവ് ജോണ്‍ കിര്‍ബെ പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ്യയിലെ ഉഫയില്‍ വന്നപ്പോള്‍ പരസ്പരം കാണിച്ച കൂട്ടായ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ച കാര്യം യുഎസ് സ്വാഗതം ചെയ്തതാണ്. എന്നാല്‍ അതില്‍ നിന്നുള്ള പിന്‍മാറ്റം നിരാശാജനകമാണെന്നും ജോണ്‍ കിര്‍ബെ കൂട്ടിച്ചേര്‍ത്തു.

ഇന്നു നടക്കേണ്ടിയിരുന്ന ഇന്ത്യാ – പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ (എന്‍എസ്എ) തമ്മിലുള്ള ചര്‍ച്ചയില്‍ നിന്നു ഇന്നലെ അര്‍ധരാത്രിയാണ് പാക്കിസ്ഥാന്‍ പിന്മാറിയത് കശ്മീര്‍ വിഘടനവാദികളായ ഹുറീയത് നേതാക്കളുമായി പാക്ക് സുരക്ഷാ ഉപദേഷ്ടാവ് ചര്‍ച്ച നടത്താന്‍ പാടില്ലെന്നും ഇന്ത്യാ – പാക്ക് ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് പിന്മാറ്റം. ചര്‍ച്ചയ്ക്കായി ഇന്ത്യ ഉപാധികള്‍ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നു പറഞ്ഞായിരുന്നു പാക്കിസ്ഥാന്റെ നടപടി.

© 2025 Live Kerala News. All Rights Reserved.