വാർഡ് വിഭജനം: അപ്പീൽ പോകില്ല, തിരഞ്ഞെടുപ്പ് സമയത്ത് നടക്കണമെന്ന് ലീഗ്

പാണക്കാട്: വാർഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്ന് മുസ്ലീംലീഗ് തീരുമാനിച്ചു. അപ്പീൽ പോകാനുള്ള സമയക്കുറവ് കൊണ്ടാണ് ഇത് വേണ്ടെന്ന് വച്ചതെന്നും ലീഗ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ നടക്കണമെന്നാണ് ലീഗിന്റെ നിലപാട്. തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ലീഗിന് മാത്രമായി തീരുമാനം എടുക്കാനാവില്ല. മറ്റു പാർട്ടികളുമായി ആലോചിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.  തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുവായ തീരുമാനമാണ് ഉണ്ടാവേണ്ടത്. അത് എന്തായാലും ലീഗ് അംഗീകരിക്കും. നിരുത്തരവാദപരമായി നിൽക്കുന്ന പാർട്ടിയല്ല ലീഗെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ലീഗിന് യാതൊരു വിധ പ്രശ്നങ്ങളും ഇല്ല. ഇക്കാര്യത്തിൽ ലീഗിന് വ്യക്തതയുണ്ട്. തിങ്കളാഴ്ച ഘടകകക്ഷികളുമായി ചർച്ച നടത്തും. മുഖ്യ തിരഞ്ഞെടുപ്പ്  കമ്മിഷണർക്കെതിരായ ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ.മദീജിന്റെ പരാമർശത്തെ കുറിച്ച് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചില്ല.

© 2025 Live Kerala News. All Rights Reserved.