ഗസ്സ വെടിനിർത്തൽ കരാറിന് ധാരണയായി

വാഷിങ്ടൺ: ഗസ്സ സമാധാന പുലരിയിലേക്ക്. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ധാരണയിലെത്തിയതായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സോഷ്യൽമീഡിയയിലൂടെയാണ് ട്രംപ് ഈ സുപ്രധാന വിവരം പങ്കുവച്ചത്. വെടിനിർത്തൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ എല്ലാ വ്യവസ്ഥകളും നടപ്പാക്കുന്നത് സംബന്ധിച്ച് ഇരു ഇരൂകൂട്ടരും ധാരണയിലെത്തിയതായി ട്രംപ് പറഞ്ഞു.

“എല്ലാ ബന്ദികളെയും വളരെ വേഗം മോചിപ്പിക്കും, ഇസ്രായേൽ അവരുടെ സൈന്യത്തെ ധാരണ പ്രകാരം പിൻവലിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ബന്ദികളെ വിട്ടയക്കുമെന്നാണ് വിവരം.

വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ഈ ആഴ്ച അവസാനം താൻ മിഡിൽ ഈസ്റ്റിലേക്ക് പോയേക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് വെടിനിർത്തൽ ധാരണയെക്കുറിച്ചുള്ള വാർത്തകളും പുറത്ത് വന്നത്. ആദ്യ ഘട്ടത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഗസ്സയിൽ തടവിലാക്കപ്പെട്ട 48 ഇസ്രായേലി തടവുകാരെ മോചിപ്പിക്കുകയും ചെയ്യും. കൂടാതെ ഇസ്രായേലി ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെയും വെടിനിർത്തൽ കരാറിൻറെ ഭാഗമായി മോചിപ്പിക്കും

വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി വിട്ടയക്കുന്ന ബന്ദികളുടെയും മോചിപ്പിക്കേണ്ട ഫലസ്തീൻ തടവുകാരുടെയും പട്ടിക ഹമാസ് കൈമാറിയിരുന്നു.

ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്,ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അടുത്ത സഹായിയും മന്ത്രിയുമായ റോൺ ഡെർമർ എന്നിവർക്ക് പുറമെ, ഖത്തർ തുർക്കി നേതാക്കളും ചർച്ചകൾക്കായി കൈറോയിൽ എത്തിയിട്ടുണ്ട്. ഹമാസിന് പുറമെ ഇസ്‍ലാമിക് ജിഹാദ് സംഘവും കൈറോയിൽ എത്തിയിരുന്നു.

© 2025 Live Kerala News. All Rights Reserved.