ടോക്യോ : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ എത്തി. 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി കൂടിക്കാഴ്ച നടത്തുന്നതുമാണ് പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനത്തിന്റെ ലക്ഷ്യം. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ടോക്യോയിൽ ഇന്ത്യൻ സമൂഹം നൽകിയ ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു. 11 വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ എട്ടാമത്തെ ജപ്പാൻ സന്ദർശനമാണിത്. വ്യാപാരം, നിക്ഷേപം, ശുദ്ധ ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ എന്നിവയിൽ നിലവിൽ മികച്ച സഹകരണമാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ളത്. 2023-24ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 22.8 ബില്യൺ യുഎസ് ഡോളറായിരുന്നു. നിലവിൽ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വിദേശ നിക്ഷേപ സ്രോതസ്സാണ് ജപ്പാൻ.