കാൻസർ വാക്സിനുമായി റഷ്യ രംഗത്ത്; ഇനി ലഭിക്കും വ്യക്തിഗത ചികിത്സ

ർബുദ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള ഒരു പുതിയ വാക്സിൻ വികസിപ്പിച്ച് റഷ്യ. ഓരോ രോഗിക്കും പ്രത്യേകം തയ്യാറാക്കുന്ന, എം.ആർ.എൻ.എ. (mRNA) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഈ കാൻസർ വാക്സിൻ, രോഗപ്രതിരോധ ശേഷി ഉപയോഗിച്ച് അർബുദ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കും. റഷ്യയിലെ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഈ വാക്സിന് പിന്നിൽ. കോവിഡ്-19-നെതിരെയുള്ള സ്പുട്നിക് V വാക്സിൻ വികസിപ്പിച്ചെടുത്ത അതേ സ്ഥാപനം കൂടിയാണിത്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിക്കുമെന്നും ആദ്യഘട്ടത്തിൽ രോഗികൾക്ക് ചികിത്സ നൽകിത്തുടങ്ങുമെന്നും ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ അലക്സാണ്ടർ ഗിൻസ്ബർഗ് അറിയിച്ചു.

എന്താണ് ഈ വാക്സിന്റെ പ്രത്യേകത?

ഈ വാക്സിൻ ഒരു സാധാരണ ചികിത്സാരീതിയല്ല, മറിച്ച് ഓരോ രോഗിയുടെയും ജനിതക വിവരങ്ങൾ ഉപയോഗിച്ച് വ്യക്തിഗതമായി രൂപകൽപ്പന ചെയ്യുന്ന ഒന്നാണ്. അർബുദ കോശങ്ങളിൽ മാത്രം കാണുന്ന പ്രത്യേക മ്യൂട്ടേഷനുകൾ തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായം തേടുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച്, രോഗിയുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ (Immune System) പരിശീലിപ്പിക്കാൻ ആവശ്യമായ എം.ആർ.എൻ.എ. നിർമ്മിക്കുന്നു. ഈ എം.ആർ.എൻ.എ. വാക്സിൻ ശരീരത്തിൽ പ്രവേശിക്കുമ്പോൾ, പ്രതിരോധ കോശങ്ങൾ അർബുദ കോശങ്ങളെ തിരിച്ചറിയാനും അവയെ ലക്ഷ്യമിട്ട് നശിപ്പിക്കാനും പഠിക്കുന്നു. ഇത് കൂടുതൽ കൃത്യതയോടെയും പാർശ്വഫലങ്ങൾ കുറച്ചും ചികിത്സ നൽകാൻ സഹായിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്.

© 2025 Live Kerala News. All Rights Reserved.