ഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 500% വരെ തീരുവ ചുമത്തുമെന്ന് ഡോണൾഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ചൈന രംഗത്ത്. അമേരിക്കൻ ആരോപണങ്ങളെ പൂർണ്ണമായും നിഷേധിച്ച ചൈന, റഷ്യയുമായി ഇപ്പോഴും വ്യാപാരം നടത്തുന്നത് അമേരിക്കയാണെന്ന് ചൂണ്ടിക്കാട്ടി. തീരുവകളും വ്യാപാര നയങ്ങളും സംബന്ധിച്ചുള്ള തർക്കങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുകയാണ്.
ഇറാനിൽ നിന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലും, റഷ്യയ്ക്ക് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യകൾ വിൽക്കുന്നതിലും അമേരിക്ക ചൈനയോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. യുക്രെയ്നിലേക്കുള്ള ആയുധ വിതരണ വിഷയത്തിൽ യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ അമേരിക്കൻ പ്രതിനിധി ചൈനയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ചൈനയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ഗെങ് ഷുവാങ് നിഷേധിച്ചു.
“യുക്രെയ്ൻ പ്രതിസന്ധിക്ക് കാരണം ചൈനയല്ല. സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കക്ഷിക്കും ചൈന മാരകായുധങ്ങൾ നൽകിയിട്ടില്ല,” ഷുവാങ് പറഞ്ഞു. ഡ്രോണുകൾ ഉൾപ്പെടെയുള്ള എല്ലാ കയറ്റുമതിയും ചൈന കർശനമായി നിയന്ത്രിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് റഷ്യയുമായും യുക്രെയ്നുമായും ചൈന സാധാരണ വ്യാപാര ബന്ധം തുടരുന്നുവെന്നും തങ്ങളുടെ അവകാശങ്ങൾ ഹനിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷുവാങ് അമേരിക്കയുടെ ഇരട്ടത്താപ്പിനെ ശക്തമായി വിമർശിച്ചു. “അമേരിക്ക ഇന്നും റഷ്യയുമായി വ്യാപാരത്തിൽ ഏർപ്പെടുന്നുണ്ട്. മറ്റുള്ളവർക്ക് അത് ചെയ്യാൻ പാടില്ലെങ്കിൽ എന്തുകൊണ്ട് അമേരിക്കയ്ക്ക് അത് സ്വീകാര്യമാകുന്നു?” അദ്ദേഹം ചോദിച്ചു.
യുക്രെയ്ൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാൻ ശ്രമിക്കുന്നതിന് പകരം ചൈനയെ സമ്മർദ്ദത്തിലാക്കാനും അപമാനിക്കാനുമുള്ള ശ്രമങ്ങൾ അമേരിക്ക അവസാനിപ്പിക്കണമെന്നും, വെടിനിർത്തലിനും സമാധാനപരമായ ചർച്ചകൾക്കും അമേരിക്ക ക്രിയാത്മകമായി സംഭാവന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.