രണ്ട് ദയാഹര്‍ജികള്‍ കൂടി തള്ളാന്‍ രാഷ്ട്രപതിയോട് ആഭ്യന്തര മന്ത്രാലയം

 

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനു പിന്നാലെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഉടലെടുത്ത ചര്‍ച്ചകളുടെ കനലടങ്ങും മുന്‍പെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടു പേരുടെ ദയാഹര്‍ജി കൂടി തള്ളാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്കു നിയമോപദേശം നല്‍കി. രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ടു പ്രതികള്‍ നല്‍കിയ ദയാഹര്‍ജികള്‍ തള്ളാനാണ് രാഷ്ട്രപതിക്ക് ഉപദേശം ലഭിച്ചത്.

1999 ഡിസംബര്‍ 14ന് മഹാരാഷ്ട്രയിലെ കൊല്‍ഹാപൂര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി വധിച്ച മോഹന്‍ അണ്ണ ചവാന്‍, 1994ല്‍ പുണെയില്‍ രണ്ട് കുട്ടികളും അഞ്ചു സ്ത്രീകളുമുള്‍പ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയ ജിതേന്ദ്ര ഗേലോട്ട് എന്നിവരാണ് രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കിയിരുന്നത്. ഇരുവരെയും വിചാരണ കോടതി വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു.

ഹൈക്കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും ഇരുവരുടെയും വധശിക്ഷ ശരിവച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ക്കു ദയാഹര്‍ജി നല്‍കിയിരുന്നു. ഇതു തള്ളിയതിനെ തുടര്‍ന്നാണ് അവസാനവട്ട ശ്രമമെന്ന നിലയില്‍ രാഷ്ട്രപതിക്കു ദയാഹര്‍ജി സമര്‍പ്പിച്ചത്.

ജൂലൈ 30ന് തൂക്കിലേറ്റപ്പെട്ട മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റേതുള്‍പ്പെടെ 22 ദയാഹര്‍ജികളാണ് പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായശേഷം തള്ളിയിട്ടുള്ളത്. അസമിലെ ദിബ്രൂഗഡ് ജില്ലയില്‍ നിന്നുള്ള മാന്‍ ബഹദൂര്‍ ദിവാന്‍ എന്നയാളുടെ ദയാഹര്‍ജി മാത്രമാണ് ഇതുവരെ പ്രണബ് അംഗീകരിച്ചിട്ടുള്ളത്. ഭാര്യയെയും രണ്ട് ആണ്‍മക്കളെയും അയല്‍ക്കാരനെയും കൊലപ്പെടുത്തിയെന്നതായിരുന്നു ഇയാള്‍ക്കെതിരായ കേസ്.

© 2025 Live Kerala News. All Rights Reserved.