കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയതിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷണം നടത്തും. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ഷൈനെ പൊലീസ് ചോദ്യം ചെയ്യും. ഹോട്ടല്‍ മുറിയില്‍ ഇറങ്ങിയോടിയതിന് പിന്നില്‍ എന്താണ് കാരണം എന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസ് പ്രകാരമാണ് നടപടി. ഷൈന്‍ മൂന്ന് മണിക്ക് പൊലീസിന് മുന്നിലെത്തുമെന്ന് കുടുംബം വ്യക്തമാക്കി.
ഷൈനിന്റെ രക്ഷപ്പെടലിന് പിന്നിലെ കാരണം കൃത്യമായി ചോദിച്ചറിയാന്‍ ആണ് പൊലീസിന്റെ നീക്കം. ഇതിനായി ഷൈനിന്റെ ഒരു കഴിഞ്ഞ ഒരുമാസത്തെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പൊലീസ് സംഘം പരിശോധിച്ചതായാണ് വിവരം. ഇക്കാലയളവില്‍ ഷൈന്‍ താമസിച്ച ആറ് ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് സംഘം പരിശോധിച്ചിട്ടുണ്ട്. ചോദ്യാവലി ഉള്‍പ്പെടെ തയ്യാറാക്കിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത.
ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ഹാജരായി വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് പൊലീസ് ഷൈന്‍ ടോം ചാക്കോയുടെ തൃശൂരിലെ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് ഹജാരാകാനാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നത്. പിന്നാലെയാണ് വൈകീട്ട് ഹാജരാകും എന്ന് വ്യക്തമാക്കി കുടുംബം രംഗത്തെത്തിയത്. കേസ് വെറും ഓലപ്പാമ്പാണെന്ന് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.
സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ആയിരിക്കും ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യുക. ഷൈന്‍ രക്ഷപ്പെട്ടതിന് പിന്നാലെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ നിന്നും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. ഷൈനെതിരെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് സിനിമാമേഖലയില്‍ പരാതിയുണ്ട്.