ഗാസയില്‍ വീണ്ടും ഇസ്രായേല്‍ ക്രൂരത; 35 പേരെ കൊലപ്പെടുത്തി; ഹമാസിനെ പിടിക്കാനെന്ന പേരില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രായേല്‍

ഗാസ: ഗാസയില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേലിന്റെ ക്രൂരത തുടരുന്നു. ഗാസയിലുടനീളം നടത്തിയ ആക്രമണത്തില്‍ ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 35ലധികം പേരാണ് കൊല്ലപ്പെട്ടത്. പലസ്തീന്‍ മാധ്യമപ്രവര്‍ത്തകയും അവരുടെ കുടുംബത്തിലെ പത്ത് അംഗങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. തെക്കന്‍ ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥി ക്യാമ്പ് അടക്കമുളളിടത്താണ് ആക്രമണം.

അതേസമയം സംഘര്‍ഷങ്ങള്‍ക്ക് ശേഷവും ഇസ്രയേല്‍ പിടിച്ചെടുത്ത ‘സുരക്ഷാ കേന്ദ്ര’ങ്ങളില്‍ സൈന്യം തുടരുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേല്‍ കാട്‌സ് പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിന് സമ്മര്‍ദം ചെലുത്തുന്നതിനായി ആറാഴ്ചയായുള്ള മാനുഷിക സഹായ ഉപരോധം തുടരുമെന്നും ഇസ്രേയല്‍ അറിയിച്ചിട്ടുണ്ട്. യുഎന്‍ നല്‍കിയ മുന്നറിയിപ്പ് വകവെക്കാതെയാണ് ഇസ്രയേലിന്റെ നീക്കം.

ഇസ്രയേലിന്റെ ആക്രമണത്തില്‍ ആശങ്ക അറിയിച്ച് കൊണ്ട് അന്താരാഷ്ട്ര സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് (എംഎസ്എഫ്) രംഗത്തെത്തി. ഗാസ, പലസ്തീനികളുടെ കൂട്ട ശവക്കുഴിയായി മാറിയിരിക്കുന്നുവെന്ന് എംഎസ്എഫ് പറഞ്ഞു. ഗാസയിലെ ജനങ്ങളുടെ നിര്‍ബന്ധിത കുടിയിറക്കവും നാശവും തത്സമം കാണുന്നുവെന്ന് ഗാസയിലെ ചാരിറ്റിയുടെ അടിയന്തര കോര്‍ഡിനേറ്റര്‍ അമാന്‍ഡെ ബസെറോള്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് ശേഷം മാര്‍ച്ച് 18ന് ആക്രമണം തുടര്‍ന്നതിന് ശേഷം മാത്രം 1650ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇസ്രായേലിന്റെ ക്രൂരത കണ്ടില്ലെന്ന് നടിക്കുകയാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍.

© 2025 Live Kerala News. All Rights Reserved.