ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കും; തമിഴ്‌നാട് കേസില്‍ രാഷ്ട്രീയ ലക്ഷ്യം നടപ്പാകില്ലെന്ന് കണ്ടതോടെയാണ് കേന്ദ്രനീക്കം

ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്ക് പുറമേ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഹര്‍ജി നല്‍കുക. സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ചില്‍ തന്നെയായിരിക്കും പുനഃപരിശോധനാ ഹര്‍ജിയും നല്‍കുക.

ഗവര്‍ണര്‍ക്ക് പുറമേ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി നിര്‍ണായക വിധിയുണ്ടായിരുന്നു. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. ബില്ലുകള്‍ പിടിച്ചുവെച്ചാല്‍ അതിന് വ്യക്തമായ കാരണം വേണമെന്നും രാഷ്ട്രപതിക്കും സമ്പൂര്‍ണ്ണ വീറ്റോ അധികാരമില്ലെന്നും സുപ്രീംകോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തമിഴ്‌നാട് കേസിലെ ഉത്തരവില്‍ തന്നെയായിരുന്നു രാഷ്ട്രപതിക്കും സമയപരിധി നിര്‍ദേശിച്ചത്.

ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നിനിടെയായിരുന്നു സുപ്രീംകോടതിയുടെ നിര്‍ണായ ഉത്തരവ് എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണണെന്നും ബില്ലുകള്‍ പിടിച്ചുവെച്ചാല്‍ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഗവര്‍ണ്ണറെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നതായാണ് ബിജെപി ഇതര സംസ്ഥാനങ്ങളുടെ പരാതി.

© 2025 Live Kerala News. All Rights Reserved.