വഖഫ് ഭേദഗതി പിന്നാലെ ക്രൈസ്തവര്‍ക്കുള്ള പണിയുമായി ചര്‍ച്ച് ഭേദഗതി ബില്ലും ഉടനെ; കേരളത്തിലെ ക്രൈസ്തവരെ അനുനയിപ്പിക്കേണ്ട ചുമതല സുരേഷ് ഗോപിക്ക്; കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്നെ സമീപിച്ചതായി അല്‍മായ നേതാവ് ഷൈജു ആന്റണി

കൊച്ചി: മുസ്ലിംങ്ങളുടെ സ്വത്തു വകകള്‍ നിയന്ത്രിക്കുന്ന വഖഫ് ഭേദഗതി ബില്ല് വന്നപ്പോള്‍ സംഘപരിവാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് ക്രൈസ്തവ സഭകളാണ്. എന്നാല്‍ വഖഫ് ഭേദഗതി ബില്ലിന് പിന്നാലെ ക്രൈസ്തവ സഭകളുടെ സ്വത്തുക്കള്‍ നിയന്ത്രിക്കുന്ന ബില്‍ കൊണ്ടുവരുമെന്ന് ഏകദേശ ധാരണയായതായി വിവരം. ബിജെപി നേതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു.

ചര്‍ച്ച് ബില്ലിന്റെ കാര്യത്തില്‍ കേരളത്തിലെ ക്രൈസ്തവരെ അനുനയിപ്പിക്കേണ്ട ചുമതല സുരേഷ് ഗോപിക്ക് നല്‍കിയതായാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്നെ സമീപിച്ചതായി അല്‍മായ നേതാവ് ഷൈജു ആന്റണി സ്വകാര്യ ചാനലിനോട് വ്യക്തമാക്കുകയും ചെയ്തു. ചര്‍ച്ച് ബില്ലിനെ പിന്തുണയ്ക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടുവെന്നും ഷൈജു ആന്റണി പറയുന്നുണ്ട്.

ചര്‍ച്ച് ആക്ടിന് വേണ്ടി നടക്കുന്ന വിവിധ ഗ്രൂപ്പുകളുമായി സുരേഷ് ഗോപി സംസാരിച്ചതായാണ് വിവരം. ജസ്റ്റിസ് ജെ ബി കോശി കമ്മീഷനെ സുരേഷ് ഗോപി നേരിട്ടുപോയി കണ്ടതായാണ് മനസിലാക്കുന്നത്. സമയത്ത് തന്നെ ചര്‍ച്ച് ആക്ട് ഇംപ്ലിമെന്റ് ചെയ്യുമെന്നാണ് മനസിലാക്കുന്നതെന്നും ഷൈജു ആന്റണി പറഞ്ഞു. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് ചര്‍ച്ചുകളെ കൂടി നിയന്ത്രിക്കുന്ന ഒരു നിയമം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി പറഞ്ഞതാണെന്നും ഷൈജു ആന്റണി പറഞ്ഞു. അതിന് വേണ്ടി പഠനങ്ങള്‍ നടത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞതായും ഷൈജു ആന്റണി വ്യക്തമാക്കി.

ഇടവകകളുടെ സ്വത്തുക്കള്‍ ജനാധിപത്യപരമായി ഭരിക്കുന്നതിനെക്കുറിച്ച് മാത്രം വ്യവസ്ഥ ചെയ്യുന്നതാണ് ചര്‍ച്ച് ആക്ട്. ഇടവകകളുടെ സ്വത്തുക്കള്‍ക്ക് പുറമേ രൂപതകള്‍, വിവിധ സഭകള്‍ എന്നിവയ്ക്ക് അടക്കം നിരവധി സ്വത്തുക്കളുണ്ട്. ബാക്കി സ്വത്തുക്കള്‍ കൂടി കൊണ്ടുവരണമെങ്കില്‍ ചര്‍ച്ച് ബോര്‍ഡ് ഉണ്ടാക്കണം.

സര്‍ക്കാരിന് കീഴിലുള്ള ചര്‍ച്ച് ബോര്‍ഡാണെങ്കില്‍, വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങള്‍ എന്ന പോലെ ആളുകളെ വെയ്ക്കാം. അതിനുള്ള നീക്കമുണ്ടായേക്കും. ക്രൈസ്തവ സഭകള്‍ക്ക് രാജ്യത്ത് 17 കോടി ഏക്കര്‍ ഭൂമിയുണ്ടെന്ന് കഴിഞ്ഞദിവസം ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ വ്യക്തമാക്കിയിരുന്നു. പി്ന്നീട് വാര്‍ത്ത പിന്‍വലിച്ചു.

© 2025 Live Kerala News. All Rights Reserved.