താപനിലയില്‍ അസാധാരണ വ്യതിയാനം; അള്‍ട്രാവയലറ്റ് ഭീതിയില്‍ കേരളം; പാലക്കാട് ചുട്ടുപൊള്ളി പൊരിയുന്നു

പാലക്കാട്: സംസ്ഥാനത്ത് അസാധാരണമാംവിധം ഉയര്‍ന്ന താപനില ഭീതി. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

പാലക്കാട് ജില്ലയില്‍ 38ഡിഗ്രി വരെയും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും കൊല്ലം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും ചൂട് ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന തോതില്‍ അള്‍ട്രാവയലറ്റ് വികിരണമേറ്റ കൊട്ടാരക്കര, കോന്നി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മൂന്നാര്‍, തൃത്താല, പൊന്നാനി പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അള്‍ട്രാവയലറ്റ് സൂചിക എട്ടിനും പത്തിനും ഇടയിലുള്ള പ്രദേശങ്ങളിലാണ് ഓറഞ്ച് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്. വിളപ്പില്‍ശാല, കളമശേരി, ഒല്ലൂര്‍, ബേപ്പൂര്‍, ഉദുമ എന്നി പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് ആണ്. അള്‍ട്രാവയലറ്റ് സൂചിക ആറു മുതല്‍ ഏഴു വരെയുള്ള പ്രദേശങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രതയും ഗൗരവകരമായ മുന്‍കരുതലുകളും സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

© 2025 Live Kerala News. All Rights Reserved.