കൊച്ചി: അനാവശ്യമായി ഹോണ്‍ മുഴക്കരുതെന്ന് പറഞ്ഞിട്ടും നിയമലംഘനം നടത്തിയ സ്വകാര്യ ബസ്സുകള്‍ക്കെതിരെ പിഴയിട്ട് ഗതാഗത വകുപ്പ്. കഴിഞ്ഞ ദിവസം നോ ഹോണ്‍ ഡേ ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി നഗരത്തിലും പരിസരപ്രദേശത്തും മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് 13 ബസ് ഡ്രൈവര്‍മാരുടെ പേരില്‍ കേസെടുത്തത്.
എറണാകുളം നഗരപരിധിയില്‍ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കോടതികള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിച്ചത്. അമിതമായി ഹോണ്‍ മുഴക്കുന്നതിനാലുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യപ്രശ്‌നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുമാണ് നോ ഹോണ്‍ ദിനാചരണം നടത്തുന്നത്.
കൊച്ചി നഗരത്തിലെ തിരക്കുള്ള ജംഗ്ഷനുകളിലെ ശരാശരി ശബ്ദ ബഹളം 80 ഡെസിബെല്ലിന് മുകളിലാണ്. നോ ഹോണ്‍ ഡേ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ മറ്റ് നിയമലംഘനങ്ങള്‍ക്ക് 36 വാഹനങ്ങള്‍ക്കെതിരെയും കേസെടുത്തു.
പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10 ഉം, ടാക്‌സ് അടക്കാത്തതിന് രണ്ടും ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് നാലും ഹെല്‍മെറ്റില്ലാത്ത വാഹനം ഓടിച്ചതിന് 15 കേസുകളും അമിത ഭാരം കയറ്റിയ സംഭവത്തില്‍ നാല് കേസും അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ ഒരു വാഹനത്തിനെതിരെയും നടപടി സ്വീകരിച്ചു.
പിഴയായി 1,56,250 രൂപ പിഴ ഈടാക്കി. നഗരത്തിലെ നിയമലംഘനങ്ങളില്‍ എപ്പോഴും മുന്‍പന്തിയില്‍ സ്വകാര്യ ബസ്സുകളാണ്. ചെറു വാഹനങ്ങള്‍ക്ക് പിന്നില്‍തന്ന് ഹോണടിച്ച് ബുദ്ധിമുട്ടിക്കുന്നത് പതിവ് സംഭവമാണെന്ന് യാത്രക്കാര്‍ പറയുന്നു. ഇരുചക്രയാത്രക്കാര്‍ പാനിക്കായി അപകടമുണ്ടാക്കുന്നതിന് കാരണവും സ്വകാര്യ ബസ്സുകളുടെ അനാവശ്യമായ ഹോണടിയാണെന്ന് യാത്രക്കാരും പറയുന്നു.