പി സി ജോര്‍ജ്ജ് വീണ്ടും അറസ്റ്റിലേക്കോ? ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: ലൗ ജിഹാദ് പരമാര്‍ശത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജ്ജിനെതിരെ അന്വേഷണം തുടങ്ങി. പി സി ജോര്‍ജ്ജ് വീണ്ടും അറസ്റ്റിലാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. മുക്കം സ്വദേശി നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ നിര്‍ദേശം. പ്രവാസി വ്യവസായി ശരീഫ് ആണ് പരാതി നല്‍കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാണ് പി സി ജോര്‍ജ് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. കേസെടുക്കാന്‍ മുക്കം പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

പി സി ജോര്‍ജ് നടത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് എ കെ എം അഷ്‌റഫ് എംഎല്‍എ കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പി സി ജോര്‍ജിന് എന്തും പറയാനുള്ള ലൈസന്‍സാണ് സര്‍ക്കാര്‍ നല്‍കിയതെന്നും കേരളത്തിന്റെ മതേതരത്വം തകര്‍ക്കുന്ന പി സി ജോര്‍ജിനോട് കര്‍ക്കശ നിലപാട് എടുക്കാന്‍ എന്താണ് കഴിയാത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു. പൊലീസ് വിചാരിച്ചാല്‍ പി സി ജോര്‍ജിനെ ചങ്ങലക്കിടാന്‍ കഴിയില്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് പി സി ജോര്‍ജ് വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തിയത്. ലൗജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം പെണ്‍കുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോര്‍ജിന്റെ പരാമര്‍ശം.

ക്രിസ്ത്യാനികള്‍ അവരുടെ പെണ്‍മക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ പിസി ജോര്‍ജിനെതിരെ നിരവധി പരാതികളാണ് ഉള്ളത്. വിദ്വേഷ പ്രസംഗത്തില്‍ ജോര്‍ജ്ജിനെ പിന്തുണച്ച് സീറോ മലബാര്‍ സഭയും കെസിബിസി മദ്യവിരുദ്ധ സമിതിയും രംഗത്ത് വന്നിരുന്നു.

© 2025 Live Kerala News. All Rights Reserved.