കണ്ണൂര്‍: നാറാത്ത് ടിസി ഗേറ്റില്‍ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും എല്‍സ്ഡി സ്റ്റാമ്പുമായി രണ്ടുപേര്‍ പിടിയില്‍. 17 ഗ്രാമോളം എംഡിഎംഎയും രണ്ടര കിലോയിലധികം കഞ്ചാവും അരകിലോ ഹൈബ്രിഡ് കഞ്ചാവും എല്‍എസ്ഡി സ്റ്റാംപുമാണ് വീടുവളഞ്ഞ് എക്‌സൈസ് പിടികൂടിയത്. എക്‌സൈസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പറശ്ശിനി റോഡിലെ മുഹമ്മദ് സിജാഫ്, നാറാത്ത് പാമ്പുരുത്തി റോഡിലെ മുഹമ്മദ് ഷഹീന്‍ യൂസഫ് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ വാടക വീടെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി നാട്ടുകാര്‍ നല്‍കിയ വിവരം വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വന്‍ ലഹരിവേട്ട.
കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ഷാബുവിന്റെ നേതൃത്വത്തിലാണ് വ്യാഴാഴ്ച്ച വൈകിട്ട് വീടുവളഞ്ഞ് പ്രതികളെ പിടികൂടിയത്. കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ശേഖരിച്ചു വെച്ചതായിരുന്നു ലഹരി മരുന്നുകള്‍.
ഇരുനില വീടു കേന്ദ്രീകരിച്ചായിരുന്നു ലഹരി വില്‍പ്പന. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് എല്‍എസ്ഡി സ്റ്റാംപും ഹ്രൈബ്രിഡ് കഞ്ചാവും കണ്ടെത്തിയത്. ഇതിന് ലക്ഷങ്ങള്‍ വില വരുമെന്ന് എക്‌സൈസ് അറിയിച്ചു. വാഹനത്തില്‍ കയറ്റുമ്പോള്‍ നാട്ടുകാരില്‍ ചിലര്‍ പ്രതികളെ കൈയേറ്റം ചെയ്തു. പ്രതികളെ എക്‌സൈസ് വാഹനത്തില്‍ പൊടിക്കുണ്ടിലുള്ള ഓഫീസിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.
എക്‌സൈസ് റെയ്ഡിനെത്തുമ്പോള്‍ വീടിന്റെ ഒന്നാം നിലയിലായിരുന്നു യുവാക്കള്‍. വാടകയ്‌ക്കെടുത്ത ആഡംബര വീടാണ് ഇതെന്നാണ് സൂചന. രാപ്പകല്‍ ഭേദമില്ലാതെ ഇവിടെ യുവാക്കളും കുട്ടികളും വന്നു പോകാറുണ്ടായിരുന്നു. ഇതില്‍ സംശയം തോന്നി നാട്ടുകാര്‍ താക്കീത് നല്‍കിയെങ്കിലും യുവാക്കള്‍ ഗൗനിച്ചിരുന്നില്ല.