യു പ്രതിഭയുടെ മകന്റെ കഞ്ചാവ് കേസില്‍ വന്‍ അട്ടിമറി; എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടില്‍; വൈദ്യ പരിശോധന നടത്തിയില്ല; കേസ് പൊളിയുമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകനെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്ത നടപടിയില്‍ ട്വിസ്റ്റ്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. എംഎല്‍എ നല്‍കിയ പരാതി അന്വേഷിച്ച അസിറ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാര്‍
എക്‌സൈസ് കമ്മീഷണര്‍ക്ക് നല്‍കി റിപ്പോര്‍ട്ടിലാണ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളുള്ളത്.

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എതിരെ നടപടി സ്വീകരിച്ചപ്പോള്‍ നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. സംഘത്തെ പ്രതിചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍ നടപടികളില്‍ വീഴ്ചയുണ്ടായി. ഇത്തരം കേസുകളില്‍ ലഹരി ഉപയോഗം സ്ഥിരീകരിക്കുന്നതിനായി വൈദ്യ പരിശോധന ഉള്‍പ്പെടെ നടത്തേണ്ടതുണ്ട്, ഇതുണ്ടായില്ല. രക്തം, മുടി, നഖം എന്നിവയുടെ പരിശോധന നടന്നില്ലെന്നുമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. കേസ് നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

എംഎല്‍എയുടെ മകന്‍ ഉള്‍പ്പടെ ഒമ്പത് പേരടങ്ങുന്ന സംഘത്തെയാണ് കഞ്ചാവ് കേസില്‍ പിടികൂടിയത്. എന്നാല്‍ ഇവര്‍ കഞ്ചാവ് വലിച്ചതിന് തെളിവില്ല. ശ്വാസത്തില്‍ കഞ്ചാവിന്റെ മണം ഉണ്ടെന്ന് മാത്രമാണ് കേസിന് അടിസ്ഥാനം. മൂന്ന് ഗ്രാം കഞ്ചാവാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്. എന്നാല്‍ ഇവര്‍ ലഹരി ഉപയോഗിക്കുന്നത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടിട്ടില്ല, കേസില്‍ മറ്റ് ദൃക്‌സാക്ഷികളും ഇല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവിലെ സാഹചര്യത്തില്‍ രണ്ട് പേര്‍ക്ക് എതിരെ മാത്രമേ കേസ് നിലനില്‍ക്കു എന്നുമാണ് അസി. എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍.

അതേസമയം, കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എംഎല്‍എയെ ധരിപ്പിക്കുന്നതിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൃത്യമായ വിവരങ്ങള്‍ കൈമാറുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടതാണ് എംഎല്‍എ ലൈവില്‍ മകനെതിരെ കേസില്ലെന്നുള്‍പ്പെടെ അവകാശപ്പെടുന്നതിലേക്ക് നയിച്ചത് എന്നും റിപ്പോര്‍ട്ട് പറയുന്നു.

അസി. എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ അന്നത്തെ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ എണ്ണിപ്പറയുന്നതിനാല്‍ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് വിവരം. എക്‌സൈസ് കമ്മീഷണറുടേതായിരിക്കും ഇതില്‍ അന്തിമ തീരുമാനം.

ഇക്കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കനിവ് ഉള്‍പ്പെടെയുള്ളവരെ എക്‌സൈസ് കഞ്ചാവുമായി പിടികൂടിയത്. ഒന്‍പത് പേരും ആലപ്പുഴ സ്വദേശികളാണ്. കുട്ടനാട് വിരിപ്പാല മുറിയില്‍ വടക്കേപറമ്പ് വീട്ടില്‍ സച്ചിന്‍ എസ് (21) ആണ് കേസിലെ ഒന്നാം പ്രതി. വെട്ടിയിറത്ത് പറമ്പ് വീട്ടില്‍ മിഥുനാ(24)ണ് രണ്ടാം പ്രതി. തോട്ടുകടവില്‍ വീട്ടില്‍ ജെറിന്‍ ജോഷി (21) മൂന്നാം പ്രതിയും കേളംമാടം വീട്ടില്‍ ജോസഫ് ബോബന്‍ (22) നാലാം പ്രതിയുമാണ്. വടക്കേപറമ്പ് വീട്ടില്‍ സഞ്ജിത്ത് (20), അഖിലം വീട്ടില്‍ അഭിഷേക് (23), തൈച്ചിറയില്‍ വീട്ടില്‍ ബെന്‍സന്‍, കാളകെട്ടും ചിറ വീട്ടില്‍ സോജന്‍ (22) എന്നിവര്‍ ക്രമേണ അഞ്ച്, ആറ്, ഏഴ്, എട്ട് പ്രതികളാണ്. ഈ സംഭവം പിന്നീട് എംഎല്‍എയും എക്‌സൈസും തമ്മിലുള്ള ഏറ്റുമുട്ടലിനും വഴിവച്ചിരുന്നു.

കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു നടപടി എക്‌സൈസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ആരോപണം. യു പ്രതിഭ ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന കാരണങ്ങള്‍ ശരിവെയ്ക്കുന്നതാണ് അസി. എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.

© 2025 Live Kerala News. All Rights Reserved.