സ്വര്‍ണ്ണവില കുതിക്കുന്നു; പവന് 65,000ത്തിലേക്ക്; റിക്കോര്‍ഡ് വില

കൊച്ചി: സ്വര്‍ണ്ണവില 65,000ത്തിലേക്ക് നീങ്ങുന്നു. ഇന്ന് 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് സ്വര്‍ണവില മറികടന്നത്. ഇന്ന് 64,560 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 8070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്ന് 64,480 എന്ന റെക്കോര്‍ഡ് മറികടന്നതോടെ, ഉടന്‍ തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില മുന്നേറുമെന്ന സൂചനയാണ് ലഭിക്കുന്നത്.

11ന് 64,480 രൂപയായി ഉയര്‍ന്ന സ്വര്‍ണവില പിന്നീട് 63,120 രൂപയായി താഴ്ന്ന ശേഷമാണ് തിരിച്ചുകയറിയത്. നാലു ദിവസത്തിനിടെ 1400 രൂപയിലധികമാണ് വര്‍ധിച്ചത്.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണ്ണ നിക്ഷേപമുള്ളവര്‍ക്ക് ഗുണകരമാണെങ്കിലും സാധാരണക്കാരന സംബന്ധിച്ചിടത്തോളം സ്വര്‍ണ്ണവില വര്‍ധന തിരിച്ചടിയായിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.