റഹീമിന്റെ മോചനം: ഫെബ്രുവരി 13ന് കേസ് വീണ്ടും പരിഗണിക്കും

റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ വിചാരണ നേരിടുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍മോചനവുമായി ബന്ധപ്പെട്ട കേസ് ഫെബ്രുവരി 13-ന് വീണ്ടും പരിഗണിക്കും. റിയാദ് ക്രിമിനല്‍ കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. കേസ് ഞായറാഴ്ച പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഏഴാംതവണയാണ് റഹീമിന്റെ ജയില്‍മോചന അപേക്ഷ കോടതി മാറ്റിവെയ്ക്കുന്നത്.

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം. 2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദയാധനം മലയാളികള്‍ സ്വരൂപിച്ചു കണ്ടെത്തുകയും കുടുംബത്തിന് കൈമാറുകയും ചെയ്ത പശ്ചാത്തലത്തില്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തിരുന്നു. ഇതിനകം 18 വര്‍ഷത്തോളം റഹീം ജയിലില്‍ കഴിഞ്ഞതിനാല്‍ അനുബന്ധ കേസുകളിലും ശിക്ഷാ കാലാവധി കഴിഞ്ഞതായി കോടതി ഉത്തരവിടുകയാണെങ്കില്‍ റഹീമിന്റെ മോചനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

© 2025 Live Kerala News. All Rights Reserved.