സേവ് ദ ഡേറ്റിന്റെ മറവിൽ യുവതിയെ കുമരകത്തെത്തിച്ച് ഉപദ്രവിച്ചു: വിവാഹപിറ്റേന്ന് വധുവിനെ ഉപേക്ഷിച്ച് വിദേശത്തേക്ക് മുങ്ങി

കടുത്തുരുത്തി: വിവാഹത്തിനുശേഷം യുവാവ് വധുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് പരാതി. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് യുവതിയുടെ വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വിവാ​ഹത്തിന്റെ പിറ്റേദിവസം വധുവിനെ സ്വന്തം വീട്ടിലാക്കിയ ശേഷം ഇയാൾ വിദേശത്തേക്ക് കടന്നുകളഞ്ഞെന്നാണ് പരാതി. യുവതിയുടെ സ്വർണവും ഇയാൾ കൈക്കലാക്കിയെന്നും യുവതിയുടെ വീട്ടുകാർ ആരോപിക്കുന്നു.

ജനുവരി 23ന് ആയിരുന്നു യുവതിയെ റാന്നി സ്വദേശിയായ യുവാവ് വിവാഹം കഴിച്ചത്. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം യുവാവ് കടന്നുകളഞ്ഞെന്നാണു പരാതി. പിന്നീട് അന്വേഷിച്ചപ്പോൾ ഇയാൾ വിദേശത്തേക്കു കടന്നതായി മനസ്സിലായെന്നു പരാതിയിൽ പറയുന്നു.

വിവാഹസമയത്തു സ്വർണം കൈക്കലാക്കിയെന്നും യുവതിയുടെ വീട്ടുകാർ പരാതിയിൽ പറയുന്നു. സേവ് ദ് ഡേറ്റിന്റെ മറവിൽ യുവതിയെ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിലുണ്ട്. പെൺകുട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നെന്നും ആരോപണമുണ്ട്.

യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ ഗാർഹിക പീഡനത്തിന് ഉൾപ്പെടെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.