ഡല്‍ഹി: യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുന്നുവെന്ന ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനോട് വിശദീകരണം തേടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആരോപണം തെളിയിക്കാനുള്ള വിവരങ്ങള്‍ ബുധനാഴ്ച വൈകിട്ട് 8 മണിക്കുള്ളില്‍ നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങള്‍ക്കിടയില്‍ ശത്രുത പടര്‍ത്തുന്ന ഗുരുതര ആരോപണമാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ ആശങ്കപ്പെടുത്തുന്ന കേജ്രിവാളിനെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടു ബിജെപി പരാതി നല്‍കിയതിനെ തുടര്‍ന്നാണു കമ്മിഷന്റെ നടപടി.
”ഹരിയാനയില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നുമാണു ഡല്‍ഹിക്കാര്‍ക്കു കുടിവെള്ളം ലഭിക്കുന്നത്. ഹരിയാന സര്‍ക്കാര്‍ വെള്ളത്തില്‍ വിഷം കലര്‍ത്തി ഡല്‍ഹിയിലേക്ക് അയയ്ക്കുകയാണ്. ഡല്‍ഹി ജലവകുപ്പിലെ എന്‍ജിനീയര്‍മാരുടെ ജാഗ്രത കൊണ്ടാണ് ഇതുകണ്ടെത്തി ജലവിതരണം നിര്‍ത്തിയത്” എന്നായിരുന്നു കേജ്രിവാളിന്റെ പ്രസ്താവന.