രാമനാട്ടുകര: വിനോദസഞ്ചാരമേഖലയിൽ കേരളം മത്സരിക്കുന്നത് ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളോടല്ല, മറിച്ച് ഇതര രാജ്യങ്ങളുമായിട്ടാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച ഗേറ്റ് വേ ടു മലബാർ ടൂറിസം ബി ടു ബി സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കാസർകോട്-തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ പണി ഈ വർഷം
ഡിസംബറിൽ പൂർത്തിയാകുന്നതോടെ മലബാർ മേഖലയിലെ ടൂറിസം രംഗത്ത് കുതിച്ചുചാട്ടമുണ്ടാകും. ഇതോടൊപ്പം മലയോരപാതയും അൻപതു കിലോമീറ്റർ ഇടവേളയിൽ വിശ്രമസംവിധാനമുൾപ്പെടെയുള്ള തീരദേശപാതയും വരുന്നതോടെ ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിലെ അടിസ്ഥാനസൗകര്യം ഉയരും. ഹോംസ്റ്റേ, റിസോർട്ട് എന്നിവയുടെ എണ്ണവും ഗണ്യമായി വർധിച്ചു.
ബെംഗളൂരുവിലെ വാരാന്ത്യ ആഘോഷങ്ങൾ വയനാട്ടിലേക്കെത്തിക്കാനുള്ള ചടുലമായ പ്രചാരണപ്രവർത്തനങ്ങൾ ഫലംകണ്ടുവരുന്നുണ്ട്. ടൂറിസം മേഖലയിൽ സ്വകാര്യനിക്ഷേപകരുടെ ഇടപെടലും നിർണായകമായി. മലബാറിലെ ടൂറിസം വികസനത്തിലൂടെ സംസ്ഥാനത്തിന്റെയാകെ വികസനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാഹസിക-ഇക്കോ ടൂറിസം കേന്ദ്രങ്ങൾ, പാചകവൈവിധ്യം, കരകൗശലപ്രാവീണ്യം, അനുഷ്ഠാനകലാ പാരമ്പര്യം എന്നിവ അനന്തസാധ്യതയാണ് മലബാറിന് നൽകുന്നതെന്ന് കേരള ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ പറഞ്ഞു. ചടങ്ങിൽ കോഴിക്കോട് കളക്ടർ സ്നേഹിൽകുമാർ സിങ് അധ്യക്ഷതവഹിച്ചു. ടൂറിസം വകുപ്പ് അഡീ. സെക്രട്ടറി ഡി. ജഗദീഷ്, ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, ഒഡെപെക് ചെയർമാൻ കെ.പി. അനിൽകുമാർ, കേരള ട്രാവൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, കെ.ടി. ഐ.എൽ. ചെയർമാൻ എസ്.കെ. സജീഷ്, ജി.എം. ബിജു പാലേട്ട്, സിജി നായർ, നിഖിൽ ദാസ്, വാഞ്ചീശ്വരൻ, ഷിജിൻ പറമ്പത്ത്, പി.പി. ഖന്ന തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു.