കൊച്ചി: സമൂഹമാധ്യമത്തിൽ അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ 27 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഹണി റോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റിട്ടവർക്കെതിരെയാണ് കേസ്. തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന ഹണി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് അധിക്ഷേപ കമന്റുകൾ വന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 പേർക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെൻട്രൽ പൊലീസിൽ ഹണി റോസ് പരാതി നൽകിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് റിപ്പോർട്ട്. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർഥ പ്രയോഗങ്ങൾ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവർക്കു മുന്നറിയിപ്പുമായി നടി ഹണി റോസ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാൽ ഇനി ഈ വിഷയത്തിൽ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്.