പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇന്‍ഡ്യ സഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. തങ്ങളുടെ വാതിലുകള്‍ നിതീഷ് കുമാറിനായി തുറന്നിട്ടിരിക്കുകയാണ്. അയാളും തന്റെ വാതിലുകള്‍ തുറക്കണം. ഇത് ഇരുവശത്തേക്കുമുള്ള യാത്ര സുഗമമാക്കും എന്നായിരുന്നു ഒരു അഭിമുഖത്തില്‍ ലാലു പ്രസാദ് പറഞ്ഞത്. ഇതോടെ ബിഹാറില്‍ വീണ്ടും രാഷ്ട്രീയ മാറ്റം ഉണ്ടാവുമോ എന്ന ചര്‍ച്ചകള്‍ക്ക് തുടക്കമായി.
ലാലുവിന്റെ ക്ഷണം പൂര്‍ണമായും നിരസിക്കാന്‍ നിതീഷ് കുമാര്‍ തയാറായിട്ടില്ല. ലാലുവിന്റെ ക്ഷണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞാപ്പോള്‍ ‘നിങ്ങള്‍ എന്തൊക്കെയാണ് പറയുന്നത്?’ എന്ന് ചോദിച്ച് നിതീഷ് ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രണ്ട് തവണയാണ് നിതീഷ് കുമാര്‍ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കിയത്.