അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് അനുവദിച്ചതിനും അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തി മതില്‍ നിര്‍മ്മാണത്തിന് അനുവദിച്ച വസ്തുക്കള്‍ വിറ്റതിനും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ ”രാജ്യദ്രോഹക്കുറ്റം” ആരോപിച്ച് ഇലോണ്‍ മസ്‌ക് രംഗത്ത്. നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍മാരും അമേരിക്കന്‍ അതിര്‍ത്തികള്‍, പ്രത്യേകിച്ച് തെക്ക് സുരക്ഷിതമാക്കുന്നതില്‍ പരാജയപ്പെട്ടതിന് ബൈഡനെ മുന്‍പേ വിമര്‍ശിച്ചിരുന്നു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ആരംഭിച്ച അമേരിക്കന്‍-മെക്സിക്കോ അതിര്‍ത്തി മതില്‍ നിര്‍മ്മാണത്തിനായി നീക്കിവച്ചിരുന്ന സാമഗ്രികള്‍, ബൈഡന്‍ ലേലം ചെയ്യുകയാണെന്ന് ഡെയ്ലി വയര്‍ എക്സില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ, ബൈഡന്‍ ഭരണകൂടത്തിന്റെ അതിര്‍ത്തി നയങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രാജ്യത്ത് ഒരു പുതിയ തരംഗം ആരംഭിച്ചു.
ബൈഡന്‍ ഭരണകൂടം നിയമം ലംഘിച്ചെന്നും അതിര്‍ത്തി സുരക്ഷയെ ദുര്‍ബലപ്പെടുത്തിയെന്നും ആരോപിച്ച് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് എത്തി. പിന്നെ കണ്ടത് ബൈഡന്‍ ഭരണകൂടത്തിനെതിരെയുള്ള ഭരണവിരുദ്ധ വികാരങ്ങളായിരുന്നു. ”അതിര്‍ത്തി സുരക്ഷിതമാക്കുന്നതില്‍ ഈ ഭരണകൂടം പരാജയപ്പെട്ടതല്ല, മറിച്ച് അവര്‍ അത് ബോധപൂര്‍വം തുറന്നുകൊടുക്കുകയായിരുന്നുവെന്നും, ബൈഡന്റെ ഈ പ്രവര്‍ത്തി രാജ്യദ്രോഹമായിരുന്നുവെന്നും എക്‌സിലെ ഒരു ഉപയോക്താവ് കുറിച്ചു. അതിന് മസ്‌ക് നല്‍കിയ മറുപടിയാണ് ഏറെ ശ്രദ്ധേയമായത്. ‘100 ശതമാനം രാജ്യദ്രോഹം’ എന്നായിരുന്നു അദ്ദേഹം ഉപയോക്താവിന് നല്‍കിയ മറുപടി .’
അമേരിക്കന്‍-മെക്സിക്കോ അതിര്‍ത്തി മതില്‍ നിര്‍മ്മാണം നിര്‍ത്തിയതുള്‍പ്പെടെ ട്രംപിന്റെ ആദ്യ ഭരണകാലത്ത് പാസാക്കിയ പല നിയന്ത്രണങ്ങളും മാറ്റുന്നതിലാണ് ബൈഡന്റെ ഇമിഗ്രേഷന്‍ നയം ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍, അനധികൃത കുടിയേറ്റക്കാരുടെ കുത്തൊഴുക്കിനും അതിര്‍ത്തി നയത്തിനെതിരായ വിമര്‍ശനങ്ങള്‍ക്കും ഇടയില്‍, ബൈഡന്‍ പിന്നീട് കര്‍ശനമായ സംവിധാനങ്ങള്‍ നടപ്പിലാക്കി. ഇക്കഴിഞ്ഞ ജൂണില്‍, മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്ന് ദിവസേനയുള്ള അനധികൃത കുടിയേറ്റം 2,500 എന്ന പരിധിയിലെത്തിയതോടെ, കുടിയേറ്റ നയം താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചു.
അതേസമയം, അതിര്‍ത്തി മതില്‍ സാമഗ്രികളുടെ പേരില്‍ വര്‍ഷങ്ങളായി നിയമയുദ്ധം തുടരുകയാണ്. മതില്‍ നിര്‍മ്മാണത്തിനായി സംഭരിച്ച സ്റ്റീല്‍ ബീമുകളും മറ്റ് സാമഗ്രികളും നിര്‍ത്തിവച്ച പദ്ധതിക്ക് ഇനി ആവശ്യമില്ലെന്നും അവയെ സംരക്ഷിക്കുന്നത് സര്‍ക്കാരിന് പാഴ്‌ച്ചെലവ് ഉണ്ടാക്കുന്നുവെന്നും ബൈഡന്‍ ഭരണകൂടം വാദിച്ചു. 2023-ല്‍, കോണ്‍ഗ്രസ് ആ വിലയിരുത്തലിനോട് യോജിക്കുകയും എല്ലാ ‘അധിക നിര്‍മ്മാണ സാമഗ്രികളും’ ഉപയോഗിക്കാനും കൈമാറാനും അല്ലെങ്കില്‍ സംഭാവന നല്‍കാനും അമേരിക്കന്‍ പ്രതിരോധ വകുപ്പിനോട് ഉത്തരവിടുകയും ചെയ്തു.