ഇന്ത്യ അനുകൂല നിലപാടുമായി ദിസനായകെ മോദി കൂടിക്കാഴ്ച്ച

ശ്രീലങ്കൻ ഭൂമി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാന മന്ത്രിയുമായി നടന്ന കൂ‍ടി കാഴ്ചയിലാണ് ദിസ നായകെ ഉറപ്പ് നൽകിയത്. പ്രസിഡന്റായി അധികാരം ഏറ്റെ‍‍ടുത്ത ശേഷം ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനമാണിത്. ഇന്ത്യ ശ്രീലങ്കയുടെ അടുത്ത സമുദ്ര രാജ്യമായതിനാൽ ഇന്ത്യയു‍ടെ സുരക്ഷക്കും പ്രാദേശിക സ്ഥിരതയ്ക്കും കോട്ടം വരുന്ന പ്രവർത്തികൾക്ക് തങ്ങളുടെ ഭൂമി ഉപയോ​ഗിക്കാൻ അനുവദിക്കില്ലെന്നതാണ് തങ്ങളുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ മഹാ സമുദ്ര മേഖലയിൽ ചൈന തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ഇന്ത്യയോടുള്ള ശ്രീലങ്കയുടെ അനുകൂല സമീപനം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചൈനയിൽ നിന്നും വാങ്ങിയ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ ഹമ്പൻതോട്ട തുറമുഖം ചൈന ഏറ്റെടുത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. തങ്ങളുടെ സുരക്ഷാ താൽപര്യങ്ങൾ ഒന്നു തന്നെ ആയതിനാൽ ശ്രീലങ്കയുമായി പ്രതിരോധ മേഖലയിലും സഹകരണം ഉറപ്പിക്കാൻ കൂടിക്കാഴ്ച്ചയിൽ തീരുമാനമായി. ഇതിനു പുറമെ വ്യാപാരം, നിക്ഷേപം എന്നിവയിലും സഹകരണം ഉറപ്പാക്കാൻ കൂടിക്കാഴ്ച്ചയിൽ തീരുമാനമായിട്ടുണ്ട്. ഊർജം, ഡിജിറ്റൽ, എന്നിവയായിരിക്കും തങ്ങളുടെ സഹകരണത്തിന്റെ നെടുംതൂണെന്ന് മോദി പറഞ്ഞു.

ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന പാർട്ടിയാണ് ജനതാ വിമുക്തി. അത്തരമൊരു സാഹചര്യത്തിൽ ദിസനായകയുടെ ഇന്ത്യ സന്ദർശനം വളരെ പ്രസക്തമാണ്. ഈ സന്ദർശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടും. മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ചർച്ചയിൽ തീരുമാനമായി. രാമേശ്വരത്തിനും തലൈമന്നാറിനും ഇടയിൽ കപ്പൽ ​ഗതാ​ഗതം ആരംഭിക്കാനും തീരുമാനം എടുത്തിട്ടുണ്ട്.

അടിസ്ഥാന സൗകര്യ വികസനത്തിന് പുത്തൻ പ്രതീക്ഷ

കൊളംബോ തുറമുഖത്തെ ഡീപ് വാട്ടർ കണ്ടെയ്നർ ടെർമിനൽ പദ്ധതിക്ക് അദാനി ​ഗ്രൂപ്പ് ഉൾപ്പെടുന്ന കൺസോർഷ്യം ശ്രീലങ്കയുമായുള്ള കരാർ ഉറപ്പിച്ചതിന് ശേഷമാണ് ദിസ നായകയുടെ സന്ദർശനം. പുനരുപയോ​ഗ ഊർജം, പാർപ്പിടം, അടിസ്ഥാന സൗകര്യ വികസനം, മത്സ്യ ബന്ധനം, കൃഷി, ‍ഡയറി മേഖലകളിൽ ഇന്ത്യ സഹകരിക്കുമെന്ന് മോദി പറഞ്ഞു. ഇത് ഇരു രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥക്ക് ​ഗുണം ചെയ്യും. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പ് വച്ചു. 2000 ശ്രീലങ്കൻ വിദ്യാർത്ഥികൾക്ക് കൂടി ഇന്ത്യ സ്കോളർഷിപ്പ് നൽകാനും ധാരണയായി. ശ്രീലങ്കയിൽ അദാനി കമ്പനി നിർമിക്കുന്ന തുറമുഖ പദ്ധതിയിൽ അമേരിക്കൻ ഫണ്ട് സ്വീകരിക്കില്ലെന്ന് അദാനി അറിയിച്ചിരുന്നു. ഈ വിഷയത്തിൽ കാര്യമായ ചർച്ച ഉണ്ടായില്ല

© 2025 Live Kerala News. All Rights Reserved.