ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടി

ടെല്‍ അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടി. യഹിയ സിന്‍വറിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പങ്കാളിയായ ഇസ്രയേല്‍ നാഷണല്‍ സെന്റര്‍ ഓഫ് ഫോറന്‍സിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെന്‍ കുഗേല്‍ ന്യൂയോര്‍ക്ക് ടൈംസിനോടാണ് ഇക്കാര്യം വിശദമാക്കിയത്. നേരത്തെ തന്നെ ചെറുമിസൈലോ ടാങ്കില്‍ നിന്നുള്ള ഷെല്ലില്‍ നിന്നോ ഉള്ള ചീളുകള്‍ തറച്ച പരിക്കേറ്റ നിലയിലായിരുന്നു യഹിയ സിന്‍വര്‍ ഉണ്ടായിരുന്നത്. ഇതില്‍ യഹിയ സിന്‍വറിന്റെ കൈ തകര്‍ന്ന നിലയിലായിരുന്നു. രക്തസ്രാവം തടയാനുള്ള ശ്രമങ്ങള്‍ക്കിടയിലായിരുന്നു സിന്‍വറിന്റെ തലയ്ക്ക് വെടിയേറ്റത്.

മിസൈല്‍ ആക്രമണത്തില്‍ സിന്‍വറിന്റെ വലത് കൈത്തണ്ടയില്‍ പരിക്കേറ്റിരുന്നു ഇടത് കാലില്‍ കെട്ടിടത്തിലുണ്ടായിരുന്ന അലങ്കാരവസ്തു വീണിരുന്നു. ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ ഷെല്‍ ആക്രമണത്തിലെ ചീളുകള്‍ തറച്ച നിലയിലും ആയിരുന്നു. ഇവയില്‍ നിന്ന് പരിക്കുകള്‍ ഉണ്ടായിരുന്നെങ്കിലും മരണകാരണമായത് തലയിലേറ്റ വെടിയെന്നാണ് ഡോ. ചെന്‍ കുഗേല്‍ ന്യൂയോര്‍ക്ക് ടൈംസിനോട് വ്യക്തമാക്കിയിട്ടുള്ളത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാവാം മരണം സംഭവിച്ചതെന്നും ഇദ്ദേഹം വിശദമാക്കുന്നു. മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച വിരലില്‍ നിന്നാണ് സിന്‍വാറിന്റെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കിയത്. നേരത്തെ സിന്‍വാര്‍ തടവുകാരനായി കഴിയുന്ന സമയത്ത് ശേഖരിച്ച ഡിഎന്‍എ സാംപിളുമായി താരതമ്യം ചെയ്താണ് കൊല്ലപ്പെട്ടത് സിന്‍വാര്‍ തന്നെയാണെന്നാണ് ഉറപ്പിച്ചതെന്നും ഡോ. ചെന്‍ കുഗേല്‍ വിശദമാക്കുന്നത്.

ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയില്‍ നടന്ന ഇസ്രയേല്‍ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. നേരത്തെ ഹമാസ് മേധാവി യഹിയ സിന്‍വാറിന്റെ അവസാന നിമിഷങ്ങള്‍ ഇസ്രായേല്‍ പുറത്ത് വിട്ടിരുന്നു. ഡ്രോണ്‍ ദൃശ്യങ്ങളാണ് ഇസ്രായേല്‍ പ്രതിരോധ സേന പുറത്തുവിട്ടത്. തകര്‍ന്ന വീടിനുള്ളില്‍, ഒരു കട്ടിലില്‍ സിന്‍വാര്‍ ഇരിക്കുന്നതും അവസാന നിമിഷങ്ങളിലെ പ്രതിരോധമെന്നോണം ഡ്രോണിലേക്ക് ഒരു വസ്തു എറിയുന്നതും ദൃശ്യങ്ങളില്‍ കാണാം.

© 2025 Live Kerala News. All Rights Reserved.