പ്രയോഗിക്കാത്ത പലതും പക്കലുണ്ടെന്ന് ഇസ്രയേൽ; പേടിച്ച് മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് ലബനനിലെ ജനങ്ങൾ

ബെയ്റൂത്ത്: രണ്ട് ദിവസമായുണ്ടായ നിഗൂഢ പൊട്ടിത്തെറികളുടെ പശ്ചാത്തലത്തിൽ മൊബൈൽ ഫോണ്‍ പോലും ഉപയോഗിക്കാൻ ഭയക്കുകയാണ് ലബനനിലെ ജനങ്ങൾ. ഭീതിയിലായ ജനങ്ങൾ മൊബൈൽ ഫോണുകൾ പോലും ഉപേക്ഷിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ അപ്രതീക്ഷിതമായി ആരും പ്രതീക്ഷിക്കുക പോലും ചെയ്യാത്ത പേജറുകൾ, വാക്കിടോക്കി എന്നീ വയർലെസ് ഉപകരണങ്ങൾ സ്ഫോടനത്തിനായി ഉപയോഗിക്കപ്പെട്ട സാഹചര്യത്തിലാണ് ആളുകൾ ഫോണിനെയും ഭയക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ലോകത്തെ ഞെട്ടിച്ച സ്ഫോടന പരമ്പര നടന്നത്. ആദ്യമുണ്ടായ പേജർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 2800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലത്തെ വോക്കി ടോക്കി സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. 450 പേർക്ക് പരിക്കേറ്റു. പേജർ സ്ഫോടത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിലും വീണ്ടും സ്ഫോടനമുണ്ടായി.

തങ്ങളുടെ കയ്യിൽ ഇനിയും ഇതുവരെ പ്രയോഗിക്കാത്ത പല ശേഷികളും ഉണ്ടെന്ന് ഇസ്രായേൽ സൈനിക മേധാവി പ്രതികരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം എല്ലാം രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ പദ്ധതിയെന്ന ആരോപണം ഇസ്രയേൽ ഇതുവരെ നിഷേധിച്ചിട്ടില്ല. ഇതിനെതിരെ തീർച്ചയായും പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ളയും വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.