എകെജി സെന്ററിൽ പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺ​ഗ്രസ് നേതാവ്  അറസ്റ്റിൽ

തിരുവനന്തപുരം: എകെജി സെന്ററിൽ പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് ഡൽഹിയിൽ അറസ്റ്റിലായി. യൂത്ത് കോൺ​ഗ്രസ് തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് പിടിയിലായത്. എകെജി സെന്ററിൽ പടക്കമെറിഞ്ഞ് രണ്ടു വർഷം തികയുന്ന ദിവസമാണ് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. 2022 ജൂലൈ ഒന്നിനാണ് എകെജി സെന്ററിനു നേർക്കു പടക്കമെറിഞ്ഞത് .

എകെജി സെന്ററിലേക്ക് പടക്കം എറിയാൻ നിർദേശിച്ചത് സുഹൈൽ ആണെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തൽ‌. വിദേശത്തുനിന്നു ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. നാലു പ്രതികളുള്ള കേസിൽ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി.ജിതിൻ, സുഹൃത്ത് നവ്യ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിനു പ്രതിയെത്തിയ സ്കൂട്ടറിന്റെ ഉടമയും മൂന്നാം പ്രതിയുമായ സുധീഷിനെ ഇനിയും പിടിക്കാനായിട്ടില്ല.

നവ്യയുടെ സഹായത്തോടെ സ്കൂട്ടർ സംഘടിപ്പിച്ച് എകെജി സെന്ററിനു മുൻപിലെത്തി ജിതിൻ സ്ഫോടകവസ്തു എറിഞ്ഞെന്നാണു പൊലീസ് കണ്ടെത്തൽ. ഒന്നാം പ്രതിയായ ജിതിനെ 85 ദിവസത്തിനുശേഷമാണ് അറസ്റ്റ് ചെയ്തത്. കെപിസിസി ഓഫിസിലേക്കു ഡിവൈഎഫ്ഐ പ്രതിഷേധ പരിപാടി നടത്തുകയും ഓഫിസ് ആക്രമിക്കാൻ തുനിയുകയും ചെയ്തതിന്റെ വൈരാഗ്യത്തിൽ സുഹൈൽ ഷാജഹാനാണു പദ്ധതി ആസൂത്രണം ചെയ്തതെന്നാണു കുറ്റപത്രത്തിലുള്ളത്.

© 2025 Live Kerala News. All Rights Reserved.